വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ
1545254
Friday, April 25, 2025 5:03 AM IST
കൂത്താട്ടുകുളം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. കൂത്താട്ടുകുളം പൈയ്ക്കാട്ട് സെൽജോ സെബാസ്റ്റ്യനെ (51) യാണ് കൂത്താട്ടുകുളം പോലീസ് അറസ്റ്റ് ചെയ്തത്.
മുത്തോലപുരം കൊക്കൂട്ടുമലയിൽ രാഹുലിന്റെ പരാതിയെ തുടർന്നാണ് അറസ്റ്റ്. പാലക്കുഴ സ്വദേശികളായ മനു ഗോപാലൻ, പണ്ടപ്പള്ളി സ്വദേശി ആൽബിൻ എന്നിവരിൽ നിന്നുമാണ് പ്രതി പണം തട്ടിയെടുത്തത്. ഫിൻലെഡിൽ ജോലി ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് പ്രതി പണം തട്ടിയെടുക്കുകയായിരുന്നു.
രാഹുലിന്റെ അക്കൗണ്ടിൽനിന്നു 1,53,000 രൂപയും മനു ഗോപാലന്റെ അക്കൗണ്ടിൽനിന്നു 2,20,000 രൂപയും ആൽബിന്റെ അക്കൗണ്ടിൽനിന്നു ഒരു 1,50,000 രൂപയും ഉൾപ്പെടെ 5,23,000 രൂപയാണ് പ്രതി കൈപ്പറ്റിയിരിക്കുന്നത്. സമാന രീതിയിൽ പ്രദേശത്തെ നിരവധി ആളുകളിൽ നിന്നും പ്രതി പണം കൈപ്പറ്റിയുള്ളതായാണ് വിവരമറിയുന്നത്.
സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം സ്വീകരിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.
വിദേശ ജോലി വാഗ്ദാനം ചെയ്ത പണം വാങ്ങിയവരെ ഉൾപ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പ് നിലവിലുണ്ട്. ഈ ഗ്രൂപ്പ് കേന്ദ്രീകരിച്ചാണ് ഇടപാടുകളും ചർച്ചകളും നടന്നുവന്നിരുന്നത്. രാമമംഗലം, തൊടുപുഴ പോലീസ് സ്റ്റേഷൻ പരിധികളിലും പ്രതി തട്ടിപ്പ് നടത്തിയതായി പരാതികൾ ഉയരുന്നുണ്ട്. അറസ്റ്റിലായ പ്രതിയെ പോലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.