ഊന്നുകൽ ടൗണിൽ രണ്ട് കടകളിൽ മോഷണം
1545250
Friday, April 25, 2025 4:49 AM IST
കോതമംഗലം: ഊന്നുകൽ ടൗണിൽ രണ്ട് വ്യാപാര സ്ഥാപനങ്ങളിൽ മോഷണം. ഹാർഡ്വെയർ സ്ഥാപനമായ പെരിയാർ ബ്രദേഴ്സ്, പലചരക്ക് കടയായ അറമംഗലം സ്റ്റോഴ്സ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.
ഷട്ടറിന്റെ താഴ് തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. പെരിയാർ ബ്രദേഴ്സിൽ മേശയിലുണ്ടായിരുന്ന ആയിരത്തോളം രൂപയാണ് മോഷ്ടിച്ചതെന്ന് ഉടമ മാർട്ടിൻ ജോർജ് പറഞ്ഞു. അറമംഗലം സ്റ്റോഴ്സിൽനിന്ന് 5000ഓളം രൂപ നഷ്ടപ്പെട്ടതായാണ് ഏകദേശ കണക്ക്. ആയിരം രൂപ നാണയത്തുട്ടുകളായിരുന്നുവെന്ന് ഉടമ വി.എ. മുഹമ്മദ് പറഞ്ഞു.
ഊന്നുകൽ പോലീസ് കേസെടുത്ത് അന്വേക്ഷണം ആരംഭിച്ചിട്ടുണ്ട്. ടൗണിന് സമീപത്തെ കെഎസ്ഇബിയുടെ ട്രാൻസ്ഫോർമറിൽ ഫ്യൂസ് ഊരിമാറ്റി വൈദ്യുതി വിതരണം തടസപ്പെടുത്തിയശേഷമാണ് മോഷ്ടാക്കൾ മോഷണം നടത്തിയത്. സന്പൂർണ ഇരുട്ടായതിനാൽ സിസിടിവി കാമറകളിൽ കൃത്യമായ ദൃശ്യം പതിഞ്ഞിട്ടില്ല.
ട്രാൻസ്ഫോർമറിനോട് ചേർന്നുള്ള വീടിന്റെ മുൻവശത്ത് സ്ഥാപിച്ചിരുന്ന കാമറ തകർത്തിട്ടുമുണ്ട്. ഒരു വർഷം മുന്പ് ടൗണിനോട് ചേർന്നുള്ള വീടുകളിൽ മോഷണം നടന്നിരുന്നു. മോഷണം വർദ്ധിക്കുന്നതിൽ വ്യാപാരികൾ ആശങ്കയിലാണ്. കച്ചവടം കുറഞ്ഞതുമൂലമുള്ള പ്രതിസന്ധിക്കിടെയാണ് മോഷണശല്യവും ഉണ്ടാകുന്നത്. പോലീസ് കൂടുതൽ നിരീഷണം ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.