എട്ട് വര്‍ഷത്തിനിടെ ജില്ലയില്‍ : 349 കൊലപാതകങ്ങൾ
1545272
Friday, April 25, 2025 5:17 AM IST
ലഹരി, ഗുണ്ടാ ആക്രമണം, വാക്കുതര്‍ക്കം തുടങ്ങിയവ കാരണങ്ങൾ
കൊച്ചി: ജില്ലയില്‍ കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ നടന്നത് 349 കൊലപാതകങ്ങള്‍. ഈ കാലയളവില്‍ സംസ്ഥാനത്ത് തന്നെ ഏറ്റവുമധികം കൊലപാതകങ്ങള്‍ നടന്ന രണ്ടാമത്തെ ജില്ലയാണ് എറണാകുളം. എറണാകുളം സിറ്റി പരിധിയില്‍ 130 കൊലപതാകങ്ങളും, റൂറലില്‍ 219 കൊലപാതകങ്ങളുമാണ് കഴിഞ്ഞ മാര്‍ച്ച് 16 വരെ ആഭ്യന്തര വകുപ്പിന്റെ കണക്കുകള്‍ പ്രകാരം വിവിധ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സംസ്ഥാനത്താകെ 3,070 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
കൊലപാതകങ്ങളില്‍ പലതും ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങൾ മൂലമുണ്ടായതും, ലഹരി ഉപോഗിച്ചുള്ള ആക്രമണങ്ങളും, വ്യക്തി വൈരാഗ്യം, പെട്ടന്നുള്ള പ്രകോപനം, വാക്കുതര്‍ക്കം തുടങ്ങിയവ മൂലം ഉണ്ടായിട്ടുള്ളവയുമാണ്. ഭൂരിഭാഗം കേസുകളിലും യുവാക്കളാണ് പ്രതികള്‍. കഴിഞ്ഞ കുറച്ചുകാലമായി ഇതര സംസ്ഥാനക്കാരായ തൊഴിലാളികളും കൊലപാതക കേസുകളില്‍ അകപ്പെടുന്ന സംഭവങ്ങളും വര്‍ധിച്ചിട്ടുണ്ട്.
യുവാക്കള്‍ പ്രതികളായിട്ടുള്ള ഒട്ടുമിക്ക കേസുകളും ലഹരി ഉപയോഗത്തെത്തുടര്ന്നുള്ളവയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇത്തരം കേസുകള്‍ ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ അധികവും സ്ത്രീകളാണ്. കുട്ടികള്‍ ഇരയാക്കപ്പെട്ടിട്ടുള്ള സംഭവങ്ങളും ഈ കാലയളവില്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സംസ്ഥാനത്താകെ നടന്ന കൊലപാതകങ്ങളില്‍ 52 എണ്ണം ലഹരി ഉപയോഗിച്ച ശേഷം നടത്തിയിട്ടുള്ളവയാണ്. വിവിധ കേസുകളിലായി നാളിതുവരെ 476 പേരെയാണ് കോടതി ശിക്ഷിച്ചിട്ടുള്ളത്. കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ട 78 പേരെ ഇനിയും സംസ്ഥാനത്ത് അറസ്റ്റ് ചെയ്യാനുണ്ട്. സംസ്ഥാനത്തെ ആകെ കൊലപാതകങ്ങളില്‍ 18 എണ്ണം ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഉണ്ടായവയാണ്. കേസുകളില്‍ ശിക്ഷിക്കപ്പെട്ട ആര്‍ക്കും തന്നെ ഇതുവരെ ശിക്ഷാ ഇളവ് നല്‍കിയിട്ടില്ല.