ബസുകളുടെ മത്സരയോട്ടം; യാത്രക്കാരിയുടെ വിരലറ്റു
1545544
Saturday, April 26, 2025 4:13 AM IST
ബസ് ജീവനക്കാർ അറസ്റ്റിൽ
തൃപ്പൂണിത്തുറ: സ്വകാര്യ ബസുകളുടെ മത്സരയോട്ടം വരുത്തിവച്ച അപകടത്തിൽ യാത്രക്കാരിയുടെ വിരലറ്റുപോയി. മറ്റു ചില യാത്രക്കാർക്കും പരിക്കേറ്റു. അപകടമുണ്ടാക്കിയ രണ്ടു ബസുകളിലെ നാലു ജീവനക്കാരെ അറസ്റ്റുചെയ്തു. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. പുതുക്കലവട്ടം- ചോറ്റാനിക്കര റൂട്ടിൽ സർവീസ് നടത്തുന്ന തവക്കൽ ബസും ഇതേ റൂട്ടിൽ സർവീസ് നടത്തുന്ന നടമേൽ ബസുമാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മത്സരയോട്ടം നടത്തിയത്.
തവക്കൽ ബസിന്റെ ഡ്രൈവർ എളമക്കര പുതുക്കലവട്ടം അമ്പലത്തിന് സമീപം ഷങ്കരോത്ത് വീട്ടിൽ ഷെയ്ക്ക് മുഹമ്മദ് ആഷിഫ് (22), കണ്ടക്ടർ തോപ്പുംപടി അമ്മായിമുക്ക് എ.സി.ടി കോളനിയിൽ മുഹൈജിബി (19), നടമേൽ ബസ് ജീവനക്കാരായ തിരുവാങ്കുളം കടുംഗമംഗലം സുകുമാരവിലാസം വീട്ടിൽ ശ്യാം ഉണ്ണിക്കൃഷ്ണൻ (32), അമ്പാടിമല ചാപ്പുറത്ത് വീട്ടിൽ നിഖിൽ ചന്ദ്രൻ (37) എന്നിവരെയാണ് ഹിൽപാലസ് പോലീസ് അറസ്റ്റ് ചെയ്തത്.
എറണാകുളം ഭാഗത്തു നിന്നും ചോറ്റാനിക്കരയിലേക്ക് വന്ന രണ്ടു ബസുകളും വടക്കേക്കോട്ട മുതൽ മത്സരയോട്ടമായിരുന്നു. യാത്രക്കാർ ബസ് നിർത്തുന്നതിനായി ഒച്ചവച്ചെങ്കിലും ജീവനക്കാർ തമ്മിൽ അസഭ്യം വിളിച്ചു മുന്നോട്ടു നീങ്ങവെ പഴയ ബസ് സ്റ്റാൻഡിനടുത്തു വച്ച് തവക്കൽ ബസ് മറികടക്കാൻ ശ്രമിച്ചപ്പോൾ നടമേൽ ബസ് അതേ വശത്തേക്ക് വെട്ടിച്ച് ഇരു ബസുകളും വശം ചേർന്ന് ഇടിക്കുകയായിരുന്നു.
അപകടത്തിൽ ഒരു സ്ത്രീയുടെ വിരൽ പകുതി അറ്റുപോകുകയും മറ്റ് യാത്രക്കാർക്കും പരിക്കേൽക്കുകയും ചെയ്തു. ജീവനക്കാരെയും ബസുകളും പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിന് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ബസുകളുടെ പെർമിറ്റ് റദ്ദാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി പോലീസ് പറഞ്ഞു.