അങ്കമാലി അർബൻ സഹ. സംഘം വായ്പാ തട്ടിപ്പ് : മുൻ പ്രസിഡന്റിന്റെ ഭാര്യ അറസ്റ്റിൽ
1545265
Friday, April 25, 2025 5:17 AM IST
അങ്കമാലി : അങ്കമാലി അർബൻ സഹകരണ സംഘത്തിലെ വായ്പാ തട്ടിപ്പിന് നേതൃത്വം നൽകുകയും ഈ പണം ഉപയോഗിച്ച് കോടികളുടെ റിയൽ എസ്റ്റേറ്റ് കച്ചവടം നടത്തുകയും ചെയ്ത അന്തരിച്ച മുൻ പ്രസിഡന്റ് പി.ടി. പോളിന്റെ ഭാര്യ എൽസി പോളിനെ തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. അങ്കമാലി കോടതിയിൽ ഹാജരാക്കിയ ഇവരെ മേയ് ഏഴു വരെ കാക്കനാട് സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.
എൽസി പോളും ബന്ധുക്കളും ചേർന്ന് സംഘത്തിൽ നിന്ന് വ്യാജ വായ്പയായി എടുത്ത നാലരക്കോടി രൂപയോളം തിരിച്ചടച്ചിട്ടില്ല. പി.ടി. പോളിന്റെ പേരിൽ ചേർന്നിട്ടുള്ള ഇൻഷ്വറൻസ് പോളിസിക്ക് ഈ സംഘത്തിൽ നിന്ന് ഓരോ വർഷവും 25 ലക്ഷം രൂപ വീതം പ്രീമിയം നൽകിയിരുന്നു.
ഇൻഷ്വറൻസ് പോളിസിയിൽ നിന്ന് ലഭിച്ച പത്തരക്കോടി രൂപയിൽ നാമമാത്ര തുക മാത്രമാണ് ഇവരുടെ പേരിലുള്ള ആധാരങ്ങൾ തിരിച്ചെടുക്കുന്നതിനുവേണ്ടി സംഘത്തിൽ അടച്ചത്. ബാക്കി ഏഴര കോടിയോളം രൂപ ഇവർ തിരിമറി നടത്തുകയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
സംഘത്തിലെ പണം ഉപയോഗിച്ച് വിവിധ ഇടങ്ങളായി ബിനാമികളുടെ പേരിൽ വ്യാപകമായി വാങ്ങിക്കൂട്ടിയ സ്ഥലവിവരങ്ങൾ സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. മുൻ ഡയറക്ടർ ബോർഡംഗമായിരുന്ന ലക്സി ജോയിയെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയുണ്ടായി.
ഡയറക്ടർ ബോർഡംഗങ്ങളായിരുന്ന ടി.പി. ജോർജ്, ദേവസി മാടൻ, രാജപ്പൻ നായർ, പി.വി. പൗലോസ്, മേരി ആന്റണി, എന്നിവരെ ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മുൻപ്രസിഡന്റ് പി.ടി. പോൾ മരിച്ചതിനെത്തുടർന്നാണ് ലോൺ തട്ടിപ്പ് പുറത്ത് വരുന്നത്.