ബിവ്റേജ് ജംഗ്ഷന് - കാവക്കാട് റോഡ് : ചെളിക്കുളം
1545554
Saturday, April 26, 2025 4:47 AM IST
പോത്താനിക്കാട്: കുണ്ടും കുഴിയും നിറഞ്ഞ് ചെളികുളങ്ങമായ ബിവ്റേജ് ജംഗ്ഷന്-കോന്നന്‍പാറ-കാവക്കാട് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യം ശക്തമാകുന്നു. രണ്ടര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് നാശമായി കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.
എംവിഐപി വലതുകര കനാലിന്റെ പാര്ശ്വഭാഗത്തു കൂടിയുള്ള ഗ്രാമീണ റോഡ് 12 വര്‍ഷം മുന്‍പ് മുൻ എംഎല്‍എ ജോസഫ് വാഴയ്ക്കന്റെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ചാണ് ആദ്യമായി ടാര്‍ ചെയ്തത്. 2017-18 കാലഘട്ടത്തില്‍ ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് റീടാര്‍ ചെയ്തിരുന്നെങ്കിലും പിന്നീട് ഇവിടെ അറ്റകുറ്റ പണികള്‍ ഒന്നും തന്നെ നടത്തിയിട്ടില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
പോത്താനിക്കാട്-ആയവന പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡിലൂടെ ദിവസേന നിരവധി വാഹനങ്ങളാണ് കടന്നുപോകുന്നത്. കാല്‍നടയാത്ര പോലും ദുഷ്കരമായ ഇവിടെ ഇരുചക്രവാഹനങ്ങള്‍ നിലതെറ്റി മറിയുന്നതും പതിവു കാഴ്ചയാണ്. അധികൃതര്‍ ഉടൻ ഇടപെട്ട് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നതാണ് ആവശ്യം.