കോഴിക്കടയുടെ മറവിൽ മയക്കുമരുന്ന് വില്പന നടത്തിയ ആൾ അറസ്റ്റിൽ
1545274
Friday, April 25, 2025 5:19 AM IST
പെരുമ്പാവൂർ: കോഴിക്കടയുടെ മറവിൽ മയക്കുമരുന്നു വില്പന നടത്തിവന്ന ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ. അസം മരിയ ഗാവ് സ്വദേശി ഖൈറുൽ ഇസ്ലാം (39) നെയാണ് പെരുമ്പാവൂർ എഎസ്പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
പെരുമ്പാവൂർ പാത്തിപ്പാലം ഭാഗത്തുള്ള കടയുടെ മറവിലാണ് ഇയാൾ മയക്കുമരുന്ന് വില്പന നടത്തിവന്നത്. ഇയാളിൽ നിന്ന് 24 ബോട്ടിൽ ഹെറോയിനും, 20 പൊതി കഞ്ചാവും പിടികൂടി. രഹസ്യ വിവരത്തെ തുടർന്ന് കുറച്ചുനാളുകളായി ഇയാൾ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
ഹെറോയിൻ ഒരു ബോട്ടിലിന് 1000 രൂപ നിരക്കിലായിരുന്നു വില്പന. പെരുമ്പാവൂർ എഎസ്പി ശക്തി സിംഗ് ആര്യ, സിഐ ടി.എം. സൂഫി, എസ്ഐ പി.എം. റാസിഖ്, എഎസ്ഐ പി.എ. അബ്ദുൾ മനാഫ്, സീനിയർ സിപിഒ മാരായ ടി.എ. അഫ്സൽ, വർഗീസ് ടി. വേണാട്ട്, ബെന്നി ഐസക് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.