ആലങ്ങാട് നിരോധിത പുകയില ഉത്പന്നങ്ങൾ വിൽക്കുന്നതായി പരാതി
1545244
Friday, April 25, 2025 4:49 AM IST
ആലങ്ങാട്: ആലങ്ങാട്, കരുമാലൂർ പ്രദേശങ്ങളിലെ പലചരക്ക് കടകളും വീടുകളും കേന്ദ്രീകരിച്ചു നിരോധിത പുകയില ഉത്പന്നങ്ങളുടെ വിൽപന നടത്തുന്നതായി പരാതി. പരിശോധന കർശനമാക്കണമെന്ന് ആവശ്യം.
കഴിഞ്ഞദിവസം വെളിയത്തുനാട് സിമിലിയ ഭാഗത്തെ സ്ത്രീയുടെ പലചരക്കു കടയിൽ നിന്നു നിരോധിത പുകയില ഉത്പന്നങ്ങൾ പോലീസ് പിടികൂടി. കരുമാലൂർ, ആലങ്ങാട് പഞ്ചായത്തുകളുടെ പരിധിയിൽ വരുന്ന ആളൊഴിഞ്ഞ ഇടറോഡുകളും പാലങ്ങളും കേന്ദ്രീകരിച്ചു ബൈക്കിലെത്തുന്ന സംഘം നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപന നടത്തുന്നതായും പരാതിയുണ്ട്.
കഴിഞ്ഞ കുറച്ചു മാസങ്ങൾക്കിടെ പാനായിക്കുളം, തിരുവാലൂർ, കൊച്ചാൽ, തുടങ്ങിയ ഭാഗത്തു നിന്നു നിരോധിത പുകയില പിടികൂടിയിരുന്നു. അതിനാൽ എക്സൈസ്, പോലീസ് പരിശോധന കർശനമാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.