എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ
1545553
Saturday, April 26, 2025 4:13 AM IST
മൂവാറ്റുപുഴ: എംഡിഎംഎയും കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിൽ. ജില്ലയിൽ എംഡിഎംഎ വലിയതോതിൽ മൊത്തക്കച്ചവടം നടത്തുന്ന തൃക്കാക്കര തുരുത്തുന്മേൽ സഫലിനെയാണ് വ്യാഴാഴ്ച രാത്രി കുര്യൻമലയിൽ നിന്ന് എക്സൈസ് സംഘം പിടികൂടിയത്.
പുലർച്ചെ സമയങ്ങളിൽ എറണാകുളത്തു നിന്നും കാറിലെത്തി പേഴയ്ക്കാപ്പിള്ളിയിലും മൂവാറ്റുപുഴയിലെ മറ്റു പ്രദേശങ്ങളിലും ഇയാൾ സ്ഥിരമായി എംഡിഎംഎ വിൽപന നടക്കുന്നുണ്ടെന്ന് എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 17.5 ഗ്രാം കഞ്ചാവും, .09 ഒന്പത് ഗ്രാം എംഡിഎംഎയുമായി പ്രതി പിടിയിലാത്.
സഫൽ എംഡിഎംഎയും കഞ്ചാവും വില്പന നടത്തിവന്നിരുന്ന കടാതി കുര്യൻമല സ്വദേശി റെൽവിൻ രാജുവിന്റെ വീട്ടിൽ നിന്നുമാണ് പിടിയിലായത്. എംഡിഎംഎ ഉപയോഗിക്കുന്നതിനുള്ള ഗ്ലാസ് ട്യൂബുകളും മൊബൈൽ ഫോണും പണവും എക്സൈസ് സംഘം പിടിച്ചെടുത്തിട്ടുണ്ടെന്ന് സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് റെൽവിൻ രാജുവിന്റെ പങ്കും എക്സൈസ് അന്വേഷിക്കുന്നുണ്ട്.
ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ് ഫേസ് ടുവിന്റെ അടിസ്ഥാനത്തിൽ വ്യാപകമായ പരിശോധനയാണ് മൂവാറ്റുപുഴ എക്സൈസ് നേതൃത്വത്തിൽ നടത്തിവരുന്നത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അജയകുമാർ, പ്രിവന്റീവ് ഓഫീസർ ഷബീർ, സിവിൽ എക്സൈസ് ഓഫീസർമാരായ റഹിം, നൗഷാദ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ അനിത, ജയൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.