ആലുവയിലെ വാഹന മോഷണം : അഞ്ച് പേർ പിടിയിൽ
1545550
Saturday, April 26, 2025 4:13 AM IST
ആലുവ: വിവിധയിടങ്ങളിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ മോഷ്ടിച്ച കേസുകളിൽ പ്രതികളായ പ്രായപൂർത്തിയാകാത്ത രണ്ട് പേർ ഉൾപ്പെടെ അഞ്ച് സ്ഥിരം മോഷ്ടാക്കളെ പോലീസ് പിടികൂടി.
മാർക്കറ്റിന് സമീപം പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ മോഷ്ടിച്ച പേഴയ്ക്കാപ്പിള്ളി കളപ്പുരക്കൽ ഷാജി (അണ്ണാൻകുഞ്ഞ് - 44), മൂവാറ്റുപുഴ മടവൂർ വെളിയത്തുപടി പുത്തൻപുരയിൽ സുനിൽ കുമാർ (53), ബൈപാസ് ഭാഗത്തു നിന്നു സ്കൂട്ടർ മോഷ്ടിച്ച ചുള്ളി തോന്നിക്കോട് കോലാട്ടുകുടി ബിനോയി (43), മാതാ തിയറ്ററിന് സമീപത്തുനിന്ന് ബൈക്ക് മോഷ്ടിച്ച പ്രായപൂർത്തിയാകാത്ത രണ്ടു പേർ എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികൾ പലതവണ ജയിൽ ശിക്ഷ അനുഭവിച്ചവരാണെന്ന് ആലുവ ടൗൺ പോലീസ് അറിയിച്ചു. മോഷ്ടിച്ച വാഹനത്തിൽ കറങ്ങിനടന്ന് മറ്റ് സ്റ്റേഷൻ പരിധിയിൽ മോഷണം നടത്തിയതായും തെളിഞ്ഞിട്ടുണ്ട്.
പ്രതികൾ മോഷ്ടിച്ച വാഹനങ്ങൾ കണ്ടെടുത്തു. പ്രായപൂർത്തിയായവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.