മുപ്പത്തടം-ഏലൂക്കര റോഡ് പുനരുദ്ധാരണം : വാട്ടർ അഥോറിറ്റി 1.06 കോടി അനുവദിച്ചു
1545566
Saturday, April 26, 2025 4:53 AM IST
ആലുവ: ഒരു വർഷമായി താറുമാറായിക്കിടക്കുന്ന മുപ്പത്തടം-ഏലൂക്കര റോഡ് പുനരുദ്ധാരണ പ്രവർത്തികൾക്ക് വാട്ടർ അഥോറിറ്റി 1.06 കോടി രൂപ അനുവദിച്ചു. ജനകീയ സമരങ്ങൾ ശക്തമായതിനെ തുടർന്ന് വ്യവസായ മന്ത്രി പി രാജീവ് ഇടപെട്ടാണ് വാട്ടർ അഥോറിറ്റിയുടെ പ്ലാൻ ഫണ്ട് അനുവദിച്ചത്.
ജലജീവൻ മിഷൻ പദ്ധതിക്കായി കുത്തിപ്പൊളിച്ച മുപ്പത്തടം പഞ്ചായത്ത് കവല - ഏലൂക്കര റോഡിന്റെ ടെൻഡർ വിളിച്ചെങ്കിലും ഏറ്റെടുക്കാൻ ആരും തയാറാകാത്തതിനാൽ റീ ടാറിംഗ് നീണ്ടുപോകുകയായിരുന്നു. ഫെബ്രുവരി 18ന് ജലമിഷൻ പദ്ധതിയിലെ പൈപ്പിടൽ പൂർത്തിയായിട്ടും ടാറിംഗ് നടക്കാതായത് സ്ഥലം എംഎൽഎ കൂടിയായ മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പ്രത്യേക ഉത്തരവ് ഇറങ്ങിയത്.
ജലജീവൻ മിഷൻ പദ്ധതി പ്രകാരം മാർച്ച് 31ന് ശേഷം ടെൻഡർ നടപടികളൊന്നും പാടില്ലെന്ന കേന്ദ്ര സർക്കാർ ഉത്തരവ് ഉള്ളതിനാൽ സംസ്ഥാനത്തെ 92 റോഡുകൾക്ക് ഇതേ പ്രതിസന്ധിയുള്ളതായും മന്ത്രി പി. രാജീവ് പറഞ്ഞു.
റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ ഇന്നാരംഭിക്കും. മഴയ്ക്ക് മുമ്പ് 30 ദിവസത്തിനകം പൂർത്തീകരിക്കണമെന്ന് കരാറുകാരന് നിർദ്ദേശം നൽകിയതായി മന്ത്രി പി. രാജീവ് "ദീപിക' യോട് പറഞ്ഞു.
കഴിഞ്ഞ മഴക്കാലത്ത് വാഹനങ്ങൾ ഓടിക്കാനാകാതെ ജനങ്ങൾ ബുദ്ധിമുട്ടിയിരുന്നു. ഏലൂക്കര റോഡ് പ്രത്യേകമായി പരിഗണിച്ച് മന്ത്രിയുടെ സാന്നിധ്യത്തിൽ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം 23ന് തിരുവനന്തപുരത്ത് ചേർന്നാണ് അനുകൂല തീരുമാനമെടുത്തത്. ഇതുപ്രകാരമാണ് കഴിഞ്ഞ ദിവസം മാനേജിംഗ് ഡയറക്ടർ കെ. ജീവൻ ബാബു പ്രത്യേക ഉത്തരവിറങ്ങിയത്.