പിഞ്ചുകുഞ്ഞിന്റെ ശ്വാസനാളത്തില്‍ കുടുങ്ങിയ സേഫ്റ്റി പിന് പുറത്തെടുത്തു
1545546
Saturday, April 26, 2025 4:13 AM IST
കൊച്ചി: ഒരു വയസുള്ള കുഞ്ഞിന്റെ ശ്വാസനാളത്തില്‍ കുടുങ്ങിയ നാല് സെന്റീമീറ്റര്‍ നീളമുള്ള സേഫ്റ്റി പിന് വിപിഎസ് ലേക്ഷോര് ആശുപത്രിയില്‍ വിജയകരമായി നീക്കം ചെയ്തു. ശ്വാസമെടുക്കാന്‍ കടുത്ത ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.
കുട്ടിയുടെ ശ്വാസനാളത്തില്‍ പിൻ കുടുങ്ങിയതായി എക്സറേയില്‍ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് അപകട സാധ്യത കണക്കിലെടുത്ത് അടിയന്തിരമായി ബ്രോങ്കോസ്കോപ്പി നടത്തി. വിപിഎസ് ലേക്ഷോറിലെ പള്‍മണറി ക്രിട്ടിക്കല്‍ കെയര്‍ ആന്‍ഡ് സ്ലീപ് മെഡിസിന് വകുപ്പിലെ കണ്‍സള്‍ട്ടന്റായ ഡോ. മുജീബ് റഹ്മാന്റെ നേതൃത്വത്തിലാണ് ബ്രോങ്കോസ്കോപ്പി നടത്തിയത്.
ശ്വാസനാളത്തില്‍ പിന് ഉണ്ടെന്ന് ഇമേജിംഗിലൂടെയാണ് സ്ഥിരീകരിച്ചതെന്ന് ഡോ. മുജീബ് റഹ്മാന് പറഞ്ഞു. പിന് ആസ്പിറേഷന്‍ കേസുകളില്‍, പ്രത്യേകിച്ച് ചെറിയ വസ്തുക്കള്‍ ഉള്ളിലേക്ക് പോകാവുന്ന സാധ്യത കൂടുതലുള്ള കുഞ്ഞുങ്ങളില്‍ വേഗത്തിലുള്ള മെഡിക്കല്‍ ഇടപെടല്‍ പ്രാധാനമാണെന്നും കുട്ടി ഇപ്പോള്‍ സുഖം പ്രാപിച്ചുവരുന്നതായും അദ്ദേഹം വ്യക്തമാക്കി.