മരട് മാങ്കായിൽ മൈതാന നവീകരണം : എൽഡിഎഫ് കൗൺസിൽ യോഗം ബഹിഷ്കരിച്ചു
1545239
Friday, April 25, 2025 4:38 AM IST
മരട്: മരട് മാങ്കായിൽ ഹൈസ്കൂൾ മൈതാന നവീകരണത്തിലെ നിർമാണ അപാകതകളെക്കുറിച്ചും അഴിമതിയെക്കുറിച്ചും ചർച്ച ചെയ്യണമെന്ന എൽഡിഎഫ് കൗൺസിലർമാരുടെ ആവശ്യം നിഷേധിച്ചതിനെ തുടർന്ന് എൽഡിഎഫ് കൗൺസിലർമാർ നഗരസഭാ കൗൺസിൽ യോഗം ബഹിഷ്കരിച്ചു.
തുടർന്ന് നഗരസഭയ്ക്ക് മുന്നിൽ കൗൺസിലർമാർ നടത്തിയ പ്രതിഷേധ സമരം സിപിഎം മരട് ഈസ്റ്റ് ലോക്കൽ കമ്മറ്റിയംഗം പി.കെ. രാജു ഉദ്ഘാടനം ചെയ്തു. കൗൺസിലർ ദിഷ പ്രതാപൻ അധ്യക്ഷത വഹിച്ചു.
കൗൺസിലർമാരായ എ.കെ. അഫ്സ്ൽ, സി.വി. സന്തോഷ്, ഉഷ സഹദേവൻ, ജിജി പ്രേമൻ,
കെ.വി. സീമ, ഇ.പി. ബിന്ദു , ഷീജ സാൻകുമാർ, ശാലിനി അനിൽ രാജ് തുടങ്ങിയവർ പ്രസംഗിച്ചു.
69 ലക്ഷം രൂപ മുടക്കി നവീകരിച്ച മാങ്കായിൽ ഹൈസ്ക്കൂൾ മൈതാനം മരടിലെ കായിക പ്രതിഭകൾക്ക് അവരുടെ ജീവന് ഭീഷണിയാകുന്ന രീതിയിലാണ് നിർമിച്ചിരിക്കുന്നതെന്നും വിജിലൻസിൽ പരാതി കൊടുക്കാൻ തീരുമാനിച്ചതായും എൽഡിഎഫ് പറഞ്ഞു.
അതേ സമയം, മരട് മാങ്കായിൽ സ്കൂൾ ഗ്രൗണ്ടിന്റെ നിർമാണം നിലവിൽ നടന്നു വരികയാണെന്നും വേനലവധിയായതിനാൽ വേനൽക്കാല പരിശീലനത്തിനും മത്സരങ്ങൾക്കുമായി, ഭാഗികമായി മാത്രം നിർമാണം നടന്നിട്ടുള്ള ഗ്രൗണ്ട് തുറന്നു കൊടുത്തിരിക്കുന്നതാണെന്നും നഗരസഭ ചെയർമാൻ ആന്റണി ആശാംപറമ്പിൽ പറഞ്ഞു.
നവീകരണ പ്രവർത്തനത്തിന്റെ ഒന്നാം ഘട്ടത്തിലെ ബില്ല് മാത്രമാണ് കോൺട്രാക്ടർക്ക് നൽകിയിരിക്കുന്നതെന്നും എന്തെങ്കിലും അപാകതകളുണ്ടെങ്കിൽ നിർമാണം പൂർത്തീകരിക്കുന്ന മുറയ്ക്ക് പരിഹരിക്കുമെന്നും ഇതിനായി നഗരസഭാ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.