ആലുവയിൽ കോഴിമാലിന്യവുമായി എത്തിയ വാഹനത്തിന് 1.5 ലക്ഷം പിഴ
1545234
Friday, April 25, 2025 4:38 AM IST
ആലുവ നഗരസഭയും കീഴ്മാട്, ചൂർണിക്കര പഞ്ചായത്തുകളുമാണ് 50,000 രൂപ വീതം പിഴയിട്ടത്
ആലുവ: സംസ്കരണ ശാലയിലേക്ക് കൊണ്ടു പോകുകയായിരുന്ന വാഹനത്തിൽ നിന്ന് കോഴി മാലിന്യം റോഡിൽ കിലോമീറ്ററുകളോളം വിതറിയതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഒന്നര ലക്ഷം രൂപ പിഴ ചുമത്തി. വാഹന ഉടമ മുട്ടം സ്വദേശി സക്കീറിനെതിരെ ആലുവ നഗരസഭ, കീഴ്മാട്, ചൂർണിക്കര ഗ്രാമപഞ്ചായത്ത് ആരോഗ്യ വിഭാഗങ്ങളാണ് 50,000 രൂപ വീതം ആകെ 1.5 ലക്ഷം പിഴ നൽകാൻ നോട്ടീസ് നൽകിയത്.
കഴിഞ്ഞ ദിവസം രാവിലെയാണ് മിനി കണ്ടയ്നർ ലോറിയിലെ പിന്നിലെ വാതിൽ തുറന്ന് കോഴിയിറച്ചി അവശിഷ്ടങ്ങൾ ഏഴ് കിലോമീറ്ററോളം ചിതറി വീണത്. പെരുമ്പാവൂർ ചിക്കൻ സ്റ്റാളുകളിൽ നിന്നും ശേഖരിച്ച് എടയാർ വ്യവസായ മേഖലയിലേക്ക് കൊണ്ടു പോകുന്ന വഴിയിലാണ് മാലിന്യം വീണത്.
കീഴ്മാട് റോഡ്, ആലുവ പമ്പ് കവല, ദേശീയപാത , ചൂർണിക്കര കമ്പനിപ്പടി എന്നീ മേഖലകളിലെ റോഡിലാണ് മാലിന്യം വീണത്. ആലുവ ആരോഗ്യ വിഭാഗം കുമ്മായം വിതറി റെയിൽവേ സ്റ്റേഷൻ റോഡ്, ദേശീയപാത എന്നിവ വൃത്തിയാക്കിയിരുന്നു.
പൊതുജനാരോഗ്യത്തിനെ ബാധിക്കുന്ന രീതിയിൽ മാലിന്യം പൊതുനിരത്തിൽ തള്ളിയതിനാണ് 50, 000 രൂപ വീതം പിഴ അടയ്ക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്.
മാലിന്യം മറ്റൊരു വാഹനത്തിൽ കൊണ്ടുപോയതിനെ തുടർന്ന് വാഹനം ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.