നിർത്തിയിട്ടിരുന്ന കാറിൽ മരിച്ചനിലയിൽ
1545087
Thursday, April 24, 2025 10:19 PM IST
മട്ടാഞ്ചേരി: ഫോർട്ടുകൊച്ചി ദ്രോണാചാര്യക്ക് സമീപം വഴിയരികിൽ നിർത്തിയിട്ടിരുന്ന കാറിൽ അറുപതു വയസ് തോന്നിക്കുന്നയാളെ മരിച്ചനിലയിൽ കണ്ടെത്തി.
മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ട്. ദുർഗന്ധം വമിച്ചതോടെ പ്രദേശവാസികളാണ് ഫോർട്ടുകൊച്ചി പോലീസിനെ വിവരമറിയിച്ചത്. പോലീസെത്തി പരിശോധിച്ചപ്പോഴാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
ഫോർട്ടുകൊച്ചി പട്ടാളം ഇഎസ്ഐക്കു സമീപം ആൽബർട്ട് കുരിശിങ്കൽ എന്നയാളുടേതാണ് കാർ. ഇയാൾ കഴിഞ്ഞ 19ന് ഇവിടെ കാർ പാർക്ക് ചെയ്ത ശേഷം പിന്നീട് നോക്കിയിട്ടില്ല. കാറിന്റെ ഡോർ ലോക്ക് ചെയ്യാൻ മറന്നതായി ഉടമ പറഞ്ഞു.
ഫോറൻസിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി നീക്കി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഫോർട്ടുകൊച്ചി പോലീസ് കേസെടുത്തു.