ഗതാഗതം നിയന്ത്രിക്കാൻ കർമനിരതരായി 20 ട്രാഫിക് വാർഡൻമാർ
1544995
Thursday, April 24, 2025 4:26 AM IST
മൂവാറ്റുപുഴ : നഗര വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം ഫലപ്രദമാക്കാൻ കർമനിരതരായി ട്രാഫിക് വാർഡൻമാർ. ഗതാഗതം സുഗമമായി നിയന്ത്രിക്കാൻ മെട്രോ നഗരങ്ങളിൽ ഗതാഗതം നിയന്ത്രിച്ച് പരിചയമുള്ള 20 ഓളം ട്രാഫിക് വാർഡൻമാരെയാണ് നഗരത്തിൽ നിയോഗിച്ചിരിക്കുന്നത്.
വിമുക്തഭടൻമാർ, ട്രാഫിക് വാർഡൻ ഡ്യൂട്ടി ചെയ്ത് പരിചയമുള്ള വനിതകൾ തുടങ്ങിയവരാണ് നിരത്തിലിറങ്ങി സേവനമനുഷ്ഠിക്കുന്നത്. മൂവാറ്റുപുഴ ട്രാഫിക് പോലീസിന്റെ കീഴിലാണ് വാർഡ·ൻമാരുടെ പ്രവർത്തനം. നഗരത്തിലുടനീളം വണ്‍വേ സന്പ്രദായം, ബൈപ്പാസ് സംവിധാനം തുടങ്ങിയ ക്രമീകരണങ്ങളേർപ്പെടുത്തിയതോടെ നിരത്തിലിറങ്ങുന്ന വാഹന യാത്രക്കാർ ദിശയറിയാതെ ബുദ്ധിമുട്ടിലാണ്.
എന്നാൽ ഈ സാഹചര്യങ്ങളിൽ സമയോചിതമായി ഇടപെട്ട് യഥാക്രമം നിർദേശങ്ങൾ നൽകി ട്രാഫിക് വാർഡൻമാർ ആശ്വാസമാവുകയാണ്. റോഡുകൾ സംയോജിക്കുന്ന എല്ലാ കവലകളിലും വാർഡൻമാരുടെ സേവനം ഉറപ്പുവരുത്തിയിട്ടുണ്ട്.
വികസന പ്രവർത്തനങ്ങളാലും ഗതാഗത ക്രമീകരണങ്ങളാലും നഗരത്തിൽ ഗതാഗതം സ്തംഭിക്കുന്പോൾ നിരത്തിലുള്ള ട്രാഫിക് വാർഡൻമാരുടെ സേവനം അഭിനന്ദനാർഹമാണ്. എന്നാൽ ഇവരുടെ നിർദേശങ്ങൾ അവഗണിച്ചുള്ള ചിലരുടെ പ്രവർത്തനങ്ങൾ ഗതാഗതക്കുരുക്കിനും സുഗമമായ വാഹനങ്ങളുടെ സഞ്ചാര തടസത്തിനും ചിലപ്പോഴെങ്കിലും കാരണമാകാറുണ്ട്.
കടുത്ത വെയിലിലും കാറ്റിലും മഴയിലുമെല്ലാം കർമനിരതരായുള്ള ഇവരുടെ പ്രവർത്തനത്തിന്റെ ഫലമായാണ് പൂർണമായുള്ള ഗതാഗത നിയന്ത്രണത്തിനിടയിലും നിർമാണ പ്രവർത്തനത്തിനിടയിലും മൂവാറ്റുപുഴ നഗരത്തിലെ ഗതാഗതം സുഗമമായി നടക്കുന്നത്.
കരാറടിസ്ഥാനത്തിൽ രണ്ട് മാസത്തേക്കാണ് നിയമിച്ചിരിക്കുന്നതെങ്കിലും നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചില്ലെങ്കിൽ ഇവരുടെ സേവനവും ദീർഘിപ്പിച്ചേക്കും. ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ ചെയ്യുന്ന അതേ ജോലിതന്നെയാണ് ട്രാഫിക് വാർഡൻമാരും ചെയ്യുന്നത്.