കളിക്കാരേറെയുണ്ട്, പക്ഷെ പായിപ്രയിൽ കളിസ്ഥലമില്ല
1544993
Thursday, April 24, 2025 4:26 AM IST
മൂവാറ്റുപുഴ: ജില്ലയിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള പഞ്ചായത്തായ പായിപ്രയിൽ പൊതു കളിസ്ഥലവും ഓപ്പണ്‍ ജിമ്മും ഒരുക്കാത്തതിനെതിരെ കായിക പ്രേമികൾ പ്രക്ഷോഭത്തിലേക്ക്. ചെറുതും വലുതുമായ നിരവധി കായികതാരങ്ങളെ നാടിന് സമ്മാനിച്ച പായിപ്ര പഞ്ചായത്തിൽ സ്വന്തമായി പൊതു കളിസ്ഥലമില്ല.
തനത് ഫണ്ട് വരുമാനത്തിൽ മുന്നിൽ നിൽക്കുന്ന പഞ്ചായത്തുകളിൽ ഒന്നാണെങ്കിലും കായിക പ്രേമികളുടെ സ്റ്റേഡിയം എന്ന ആവശ്യത്തോട് മുഖം തിരിക്കുന്ന നിലപാടാണ് വർഷങ്ങളായി പഞ്ചായത്ത് അധികൃതർക്ക്. പായിപ്ര, മുളവൂർ പ്രദേശങ്ങളിൽ സ്റ്റേഡിയം നിർമ്മാണത്തിന് ആവശ്യമായി സ്ഥലങ്ങളുണ്ടങ്കിലും സ്ഥലം വാങ്ങുന്നതിനാവശ്യമായ തുക കണ്ടെത്തുന്നതിന് പഞ്ചായത്ത് അധികൃതർ തയ്യാറാകുന്നില്ലെന്ന് കായിക പ്രേമികൾ ആരോപിച്ചു.
കഴിഞ്ഞ മാസം അവതരിപ്പിച്ച പഞ്ചായത്ത് ബജറ്റിലും കായികമേഖലയോട് തികഞ്ഞ അവഗണനയാണ്. ഫുട്ബോൾ, ക്രിക്കറ്റ് അടക്കമുള്ള കളികളെ സ്നേഹിക്കുന്ന കൊച്ചുകുട്ടികൾ അടക്കമുള്ള നിരവധി ആളുകളാണ് ഇവിടെയുള്ളത്. ജില്ലയിൽ ഏറ്റവും കൂടുതൽ സ്വകാര്യ ടർഫുള്ള പഞ്ചായത്തുകളിൽ ഒന്നാണ് പായിപ്ര.
ടർഫുകളിൽ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കായിക പ്രേമികൾ കളിക്കായി എത്തുന്നത് പ്രദേശത്തിന്റെ കായിക പെരുമ വിളിച്ചോതുന്നു. ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കാനും വികസന പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന പൗരൻമാരെ വളർത്തി കൊണ്ടുവരാനും കായികമേഖലയുടെ ജനകീയവൽക്കരണം ലക്ഷ്യമിട്ടുള്ള സംസ്ഥാന സർക്കാരിന്റെ ഒരു പഞ്ചായത്ത് ഒരു കളിക്കളം എന്ന പദ്ധതിയും പായിപ്ര പഞ്ചായത്തിന് അന്യമായിരിക്കുകയാണ്.
കേരളത്തിൽ പൊതു കളിസ്ഥലമില്ലാത്ത പഞ്ചായത്തുകളിൽ നിലവാരമുള്ള കളിക്കളം ഒരുക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. നിലവിൽ പായിപ്രയിൽ സ്കൂൾ, സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലാണ് കായിക പരിശീലനവും ടൂർണമെന്റുകളടക്കം നടക്കുന്നത്.
പഞ്ചായത്തിൽ പൊതുകളിസ്ഥലവും ഒപ്പണ്‍ ജിമ്മും ഒരുക്കണമെന്നാവശ്യപ്പെട്ട് വരും ദിവസങ്ങളിൽ കായിക പ്രേമികൾ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.