കെട്ടിടങ്ങളിലെ ചൂട് കുറയ്ക്കാം; കുളിർമ കാന്പയിന് തുടക്കമായി
1544991
Thursday, April 24, 2025 4:26 AM IST
മൂവാറ്റുപുഴ: കെട്ടിടങ്ങൾക്കുള്ളിലെ ചൂട് കുറയ്ക്കുന്ന കുളിർമ കാന്പയിന് മൂവാറ്റുപുഴയിൽ തുടക്കമായി. വീടുകളിലും സ്ഥാപനങ്ങളിലും കൂൾ റൂഫ് സാങ്കേതികവിദ്യകൾ പ്രോത്സാഹിപ്പിച്ച് കെട്ടിടങ്ങൾക്കുള്ളിലെ ചൂട് കുറയ്ക്കുന്നതിലുടെ ഫാനുകൾ, എയർകണ്ടീഷനറുകൾ എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്താനും വൈദ്യുതി ഉപയോഗം കുറയ്ക്കാനുമാണ് കാന്പയിൻ ലക്ഷ്യമിടുന്നത്.
തിരുവനന്തപുരം എനർജി മാനേജ്മെന്റ് സെന്ററും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയും ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസിയും സേക്രഡ് ഹാർട്ട് സിസ്റ്റേഴ്സിന്റെ കോതമംഗലം ജ്യോതി പ്രോവിൻസിനു കീഴിലുള്ള സാമൂഹ്യപ്രവർത്തന വിഭാഗമായ മൂവാറ്റുപുഴ സേഫും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
മൂവാറ്റുപുഴ സേഫിൽ നടന്ന കുളിർമ ബോധവൽക്കരണ ക്യാന്പയിൻ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ ജോസ് കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. സേഫ് സെക്രട്ടറിയും സോഷ്യൽവർക്ക് കൗണ്സിലറുമായ സിസ്റ്റർ സുജ മലേക്കുടി എസ്എച്ച് അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ കെഎസ്ഇബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എം.എൻ സിന്ധു മുഖ്യപ്രഭാഷണം നടത്തി.
മൂവാറ്റുപുഴ ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ വി.എസ് രാജേഷ് ഊർജ സംരക്ഷണ മാർഗങ്ങളെക്കുറിച്ച് സന്ദേശം നൽകി. നഗരസഭാംഗം ജോയ്സ് മേരി ആന്റണി, നിർമല കോളജ് ഫിസിക്സ് വിഭാഗം അസിസ്റ്റന്റ് പ്രഫ. ഡോ. ബി. രാജേഷ്കുമാർ, സേഫ് ഡയറക്ടർ സിസ്റ്റർ ജാൻസി പാറത്തട്ടേൽ തുടങ്ങിയവർ പ്രസംഗിച്ചു.
സമ്മേളനാനന്തരം നടന്ന കുളിർമ ബോധവൽക്കരണ സെമിനാറിന് സേഫ് പ്രോഗ്രാം മാനേജരും ഇഎംസി റിസോഴ്സ് പേഴ്സണുമായ തോമസ് ജോണ് നേതൃത്വം നൽകി.