മൈതാന നവീകരണത്തിലെ പോരായ്മകൾക്കെതിരേ ഹെൽമെറ്റ് ധരിച്ച് പ്രതിഷേധ ഫുട്ബോൾ
1544981
Thursday, April 24, 2025 4:17 AM IST
മരട്: മരട് മാങ്കായിൽ ഹൈസ്കൂൾ മൈതാനത്തിന്റെ പുനരുദ്ധാരണത്തിലെ പോരായ്മകൾ പരിഹരിച്ച് കായികപ്രേമികൾക്ക് സുഖമമായി കളിക്കാൻ സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് ഫുട്ബോൾ പ്ലെയേഴ്സ് കൂട്ടായ്മ പ്രതിഷേധ ഫുട്ബോൾ സംഘടിപ്പിച്ചു. മൈതാനത്ത് കളിക്കുമ്പോൾ നിരന്തരം പരിക്കുകൾ പറ്റുകയും കൈ ഒടിയുകയുമൊക്കെ ചെയ്യുന്നതിനാൽ തലയിൽ ഹെൽമെറ്റ് വച്ചാണ് കായിക പ്രേമികൾ കളിച്ചത്.
അശാസ്ത്രീയമായ പണിമൂലം മഴയത്ത് ഗ്രൗണ്ടിൽ വെള്ളക്കെട്ടുണ്ടാകുകയാണെന്നും ഗ്രൗണ്ടിൽ വലിയ കല്ലുകൾ മുഴച്ചു നില്‍ക്കുകയാണെന്നും കരിങ്കൽ ചീളുകളും ചെങ്കൽ കഷണങ്ങളും നിറഞ്ഞിരിക്കുകയാണെന്നും ആക്ഷേപമുണ്ട്.
നിലവാരം കുറഞ്ഞ നിർമാണ സാമഗ്രികളാണ് ഉപയോഗിച്ചിരിക്കുന്നതെന്നും എസ്റ്റിമേറ്റ് പ്രകാരമുള്ള സാധനസാമഗ്രികൾ നിർമാണത്തിൽ ഉപയോഗിച്ചിട്ടില്ലെന്നും കായികപ്രേമികൾ പറഞ്ഞു.
സീനാസ് ഫുട്ബോൾ അക്കാദമി പ്രസിഡന്റ് അഡ്വ. സി.കെ. സുനിൽ, സെക്രട്ടറി പി.കെ. ഷാജി, മാങ്കായിൽ എച്ച്എസ്എസ് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർപേഴ്സൺ ടി.കെ. കലാധരൻ തുടങ്ങിയവർ പ്രസംഗിച്ചു.