ദേശീയപാതയിൽ കിലോമീറ്ററുകളോളം കോഴിമാലിന്യം : ആലുവയിൽ നാട്ടുകാർ വാഹനം തടഞ്ഞു
1544973
Thursday, April 24, 2025 4:11 AM IST
ആലുവ: എടയാർ വ്യവസായ മേഖലയിലേക്ക് സംസ്കരിക്കാനായി വാഹനത്തിൽ കൊണ്ടു പോകുകയായിരുന്ന കോഴിയിറച്ചി മാലിന്യം ആലുവയിൽ ദേശീയ പാതയിലടക്കം ചിതറി വീണു. സംഭവത്തിന് ദൃക്സാക്ഷികളായ നാട്ടുകാർ ലോറി തടഞ്ഞിട്ടെങ്കിലും ഡ്രൈവർ ഓടി രക്ഷപ്പെട്ടു.
ഇന്നലെ രാവിലെ ഏഴരയോടെ ഏറെ തിരക്കേറിയ ആലുവ പമ്പ് കവല മുതലാണ് മിനി കണ്ടെയ്നർ ലോറിയുടെ പിന്നിലെ വാതിൽ പകുതി തുറന്ന് റോഡിലേക്ക് മാലിന്യം വീണ് തുടങ്ങിയത്. അസഹനീയമായ ദുർഗന്ധവുമായി മാലിന്യം പുറകിലെ വാതിലിന് അടിയിലൂടെ വീഴുന്നത് വാഹന ഡ്രൈവറും അറിഞ്ഞില്ല.
ഹോട്ടലുകളിൽ നിന്ന് ശേഖരിച്ച കോഴി, മത്സ്യ മാലിന്യമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
വാഹനം ദേശീയ പാതയിൽ നിന്ന് എടയാറിലേക്ക് പോകാനായി എടമുള പാലത്തിലേക്ക് വന്നപ്പോഴാണ് ഇടറോഡിൽ നാട്ടുകാർ പിടികൂടിയത്. വാഹനത്തിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
നാട്ടുകാരുമായി തർക്കിച്ച ശേഷം ഡ്രൈവർ വാഹനം ഉപേക്ഷിച്ച് പോകുകയായിരുന്നു. റോഡിൽ വീണ കോഴി മാലിന്യം കാക്കകൾ കൊത്തി എടുത്ത് സമീപത്തെ വീടുകളിലും സ്ഥാപനങ്ങളിലും ഇട്ടതായും പരാതി ഉയർന്നിട്ടുണ്ട്.
ആലുവ നഗരസഭയുടെ നേതൃത്വത്തിൽ പമ്പ് കവല, റെയിൽവേ ജംഗ്ഷൻ, ആശുപത്രി കവല, പുളിഞ്ചോട് ജംഗ്ഷൻ വരെ കുമ്മായം വിതറി. ആലുവ നഗരസഭ, ചൂർണ്ണിക്കര പഞ്ചായത്ത്, ആലുവ ടൗൺ പോലീസ് എന്നിവർ സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.