ചാളയുടെ സാന്നിധ്യം ആശങ്ക : മൂടുവെട്ടി വഞ്ചികൾക്ക് ചെമ്മീന്റെ പതിവ് കോളില്ല
1544970
Thursday, April 24, 2025 3:59 AM IST
ചെറായി: തീരത്ത് ചാളച്ചാകര തുടരുന്നെങ്കിലും ചെമ്മീന്റെ സാന്നിധ്യം കുറയുന്നതിൽ ചെമ്മീൻ പിടുത്തക്കാരായ മത്സ്യ തൊഴിലാളികളിൽ ആശങ്ക. തീരത്ത് ചെമ്മീനുവേണ്ടി വലയിടുന്ന മൂടുവെട്ടി വഞ്ചിക്കാർക്കിടയിലാണ് ആശങ്ക ഉയർന്നിരിക്കുന്നത്.
സാധാരണ ഈ സമയത്ത് തീരത്തോട് ചേർന്ന് പൂവാലൻ ചെമ്മീനിന്റെ സാന്നിധ്യം ഉണ്ടാവാറുള്ളതാണ്. എന്നാൽ ഇക്കുറി കടലമ്മ മൂടുവെട്ടിക്കാരോട് കനിവ് കാട്ടിയില്ല.
200 കിലോയ്ക്ക് മേൽവരെ ചെമ്മീൻ കിട്ടിയിരുന്നിടത്ത് ഇപ്പോൾ 10 കിലോ പോലും ലഭിക്കുന്നില്ലെന്നാണ് ഇവർ പറയുന്നത്.
തീരത്ത് ചാളയുടെ സാന്നിധ്യം നിലനിൽക്കുന്നതിനാലാണ് ചെമ്മീൻ അകന്നുപോയതെന്നാണ് ഇവർ പറയുന്നത്.