മഞ്ഞപ്രയിൽ മാലിന്യത്തിനു കുറവൊന്നുമില്ല
1539773
Saturday, April 5, 2025 4:24 AM IST
മഞ്ഞപ്ര: സമ്പൂർണ മാലിന്യ മുക്തമായി പ്രഖ്യാപിച്ച മഞ്ഞപ്രയിൽ മാലിന്യത്തിനു കുറവൊന്നുമില്ലെന്ന് ആക്ഷേപമുയരുന്നു.
പഞ്ചായത്തിലെ ചാറ്റുപാടം അങ്കണവാടി മതിലിനോട് ചേർന്നാണ് മാലിന്യങ്ങൾ കിടക്കുന്നത്. സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് മാലിന്യങ്ങൾ ഉള്ളത്. മദ്യക്കുപ്പികൾ വരെ ഇവിടെ നിക്ഷേപിക്കുന്നതായി പരാതി ഉണ്ട്. മഞ്ഞപ്ര പുത്തൂർപ്പിള്ളി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, മാർസ്ലീവ ഫൊറോന പള്ളി, കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലേക്ക് നിരവധി ആളുകൾ കാൽനടയായും വാഹനങ്ങളിലും മറ്റു മായി പോകുന്ന റോഡരികിലാണ് മാലിന്യങ്ങൾ നിക്ഷേപിച്ചിരിക്കുന്നത്.
വൈദ്യുത വിളക്കുകൾ പലയിടത്തും തെളിയാത്തത് മാലിന്യനിക്ഷേപത്തിന് ഏറെ സൗകര്യപ്രദമാകുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം ഉണ്ടായ വേനൽ മഴയിൽ മാലിന്യ പൊതികളിലെ ഭക്ഷണ അവിശിഷ്ടങ്ങൾ റോഡിലേക്ക് പതിച്ചത് യാത്രക്കാരെ ഏറെ ദുരിതത്തിലാക്കി. പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ എത്രയും വേഗം സിസിടിവി കാമറകൾ സ്ഥാപിക്കണമെന്നും പോലീസ്,
എക്സെസ് അധികാരികൾ നൈറ്റ് പെട്രോളിംഗ് ഉൾപ്പെടെ ഉൾറോഡുകളിലൂടെ നടത്തണമെന്നും, കനാൽ തീരങ്ങളിലും റോഡ് അരികിലും മറ്റും കുപ്പികൾ വലിച്ചെറിയുന്നവരെ കണ്ടുപിടിച്ച് ശക്തമായ നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് ഇന്ദിര ഗാന്ധികൾച്ചറൽ ഫോറം ആവശ്യപ്പെട്ടു.