പാറക്കടവിൽ സ്വകാര്യ ഭൂമിയിൽ തള്ളിയ മാലിന്യം നീക്കിത്തുടങ്ങി
1539762
Saturday, April 5, 2025 4:14 AM IST
നെടുന്പാശേരി: പാറക്കടവ് പഞ്ചായത്തിലെ 12-ാം വാർഡിൽപ്പെടുന്ന മൊതക്കാട് ശ്മശാനത്തിനടുത്തുള്ള പറമ്പിൽ ജൈവ വളമെന്ന വ്യാജേന അനധികൃതമായി സംഭരിച്ച് സൂക്ഷിച്ച് വച്ചിരുന്ന ടൺ കണക്കിന് മാലിന്യ കൂമ്പാരം നീക്കം ചെയ്തു തുടങ്ങി.
ഇവിടെ മാലിന്യം നിക്ഷേപിച്ചത് പരിസരവാസികളും രാഷ്ട്രീയ കക്ഷി നേതാക്കളും ചോദ്യം ചെയ്യുകയും പഞ്ചായത്തിലടക്കം പരാതി നൽകുകയും ചെയ്തിരുന്നു. പരിസരവാസികളുടേയും സിപിഎം പൂവത്തുശേരി ബ്രാഞ്ചിന്റെയും പ്രതിഷേധത്തിന്റേയും, നിയമ നടപടികളുടെയും ഭാഗമായി പാറക്കടവ് പഞ്ചായത്ത് സെക്രട്ടറി അടിയന്തരമായി പുറപ്പെടുവിച്ച ഉത്തരവിനെ തുടർന്നാണ് മാലിന്യം നീക്കം ചെയ്യുന്നത്. മാലിന്യം ഇറക്കിയ കമ്പനിയുടെ നേതൃത്വത്തിൽ തന്നെയാണ് നീക്കം ചെയ്യുന്നത്.
ഒരാഴ്ചയിൽ അധികമായി തുടരുന്ന ഈ പ്രവൃത്തിയിൽ, ദിവസേന രണ്ടു വണ്ടികളിലായി നാല് ലോഡ് മാലിന്യമാണ് നീക്കം ചെയ്യുന്നത്. നേരത്തെ മാലിന്യം നീക്കം ചെയ്യാൻ നോട്ടീസ് നൽകിയിരുന്നുവെങ്കിലും അത് നീക്കിയിരുന്നില്ല.
മാലിന്യം നിക്ഷേപിച്ചതിൽ പ്രദേശവാസികളുടെ ശക്തമായ എതിർപ്പ് ഉയർന്നിരുന്നു. പ്രദേശത്തെ ഇടതുപക്ഷ പ്രവർത്തകരുടെ ശക്തമായ ഇടപെടലിനെ തുടർന്നാണ് മാലിന്യം നീക്കം ചെയ്യുന്നതിലേക്ക് പഞ്ചായത്ത് തീരുമാനം എടുത്തത്.