എംസി റോഡിൽ : മാറാടിയിലെ വെള്ളക്കെട്ട് നാട്ടുകാർക്ക് ദുരിതമാകുന്നു
1539767
Saturday, April 5, 2025 4:14 AM IST
മൂവാറ്റുപുഴ: എംസി റോഡിൽ മാറാടിയിലെ വെള്ളക്കെട്ട് നാട്ടുകാർക്ക് ദുരിതമാകുന്നു. ഈസ്റ്റ് മാറാടി ഹൈസ്കൂൾ ജംഗ്ഷനിലാണ് ചാറ്റൽ മഴപെയ്താൽ പോലും വെള്ളക്കെട്ട് രൂപപ്പെടുന്നത്. ഇതുമൂലം സമീപത്തെ വ്യാപാരികളാണ് ഏറെയും ദുരിതമനുഭവിക്കുന്നത്. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ സമീപത്തെ റേഷൻ കടയിലേക്കും മറ്റ് വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം ഇരച്ചു കയറിയിരുന്നു.
എംസി റോഡിലെ കെഎസ്ടിപി റോഡ് നിർമാണത്തിലെ അപാകതയെ തുടർന്ന് നേരത്തെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ നടത്തിയെങ്കിലും നടപടിയുണ്ടായില്ല. നിലവിലെ റോഡ് വീതികൂട്ടി ടാർ ചെയ്തു എന്നതിനപ്പുറം ശരിയായ അലൈൻമെന്റിൽ റോഡ് നിർമാണം നടത്താത്തതിനെത്തുടർന്ന് വാഹനാപകടങ്ങളും ഇവിടെ പതിവാണ്. ഓട നിർമാണം ശരിയായ രീതിയിൽ നടത്താത്തത് മൂലം പലയിടത്തും കല്ലും മറ്റ് സാമഗ്രികളും കൂടികിടക്കുകയാണ്.
ഉയർന്ന ഭാഗത്തുനിന്നും ഒഴുകിവരുന്ന മഴവെള്ളം കുത്തിയൊലിച്ച് വരുന്പോൾ കാനയിലെ കല്ലും മാലിന്യങ്ങളും മൂലം വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുകയും തുടർന്ന് റോഡിലൂടെ നിരന്നൊഴുകി വ്യാപാര സ്ഥാപനങ്ങളിലേക്ക് കയറുകയുമാണ്. ഇതുമൂലം ഓരോ വർഷവും വ്യാപാരികൾക്ക് വൻ നാശനഷ്ടമാണ് ഉണ്ടാവുന്നത്.
വെള്ളക്കെട്ടിന് അടിയന്തരമായി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി നിരവധി തവണ പിഡബ്ല്യുഡി അധികാരികളോട് പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. നൂറുകണക്കിന് ആളുകൾക്ക് ലഭിക്കേണ്ട ഭക്ഷ്യധാന്യങ്ങൾ ഓരോ വർഷവും നശിച്ചുപോകുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നതെന്നും ഒ.പി. ബേബി പറഞ്ഞു. ശക്തമായ മഴ വന്നാൽ എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലാണ് മാറാടിയിലെ വ്യാപാരികൾ.