സുഭിക്ഷം പദ്ധതി ഇന്ന് 200-ാം ദിവസത്തിൽ
1539458
Friday, April 4, 2025 4:33 AM IST
തൃപ്പൂണിത്തുറ: 80,000 ആളുകൾക്ക് ഉച്ചഭക്ഷണം നൽകിയ സുഭിക്ഷം പദ്ധതി ഇന്ന് 200-ാം ദിനത്തിലേക്ക്. ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318സി യും തൃപ്പൂണിത്തുറ നഗരസഭയും സഹകരിച്ച് നടപ്പിലാക്കുന്ന വിശപ്പ് രഹിത നഗരം 'സുഭിക്ഷം' പദ്ധതിയാണ് ഇന്നേയ്ക്ക് 200 ദിവസം പിന്നിടുന്നത്. ഈ കാലയളവിൽ 80,000 ആളുകളാണ് എരൂർ ആസാദ് പാർക്കിൽ ഉച്ചയ്ക്കുള്ള ഭക്ഷണം കഴിച്ചത്.
200-ാം ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ന്ഉച്ചയ്ക്ക് 12ന് ആസാദ് പാർക്കിൽ 500 പേർക്ക് സദ്യയൊരുക്കുന്നതോടൊപ്പം നടക്കുന്ന ചടങ്ങിൽ ലയൺസ് മുൻ ഇന്റർനാഷണൽ ഡയറക്ടർ വിജയകുമാർ രാജു, ഇന്റർനാഷണൽ എക്സിക്യൂട്ടീവ് അഡ്മിനിസ്ട്രേറ്റർ റബേക്ക ദാവൂ,
നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ്, ലയൺ ലീഡർമാരായ എ.വി. വാമനകുമാർ, വി. അമർനാഥ്, ചലച്ചിത്ര താരം രമേഷ് പിഷാരടി തുടങ്ങിയവർ പങ്കെടുക്കും. ലയൺസ് ഗവർണർ രാജൻ എൻ. നമ്പൂതിരി അധ്യക്ഷത വഹിക്കും. സുഭിക്ഷം പദ്ധതിയുടെ സെക്രട്ടറി ജെയിംസ് അറക്കലിനെ ചടങ്ങിൽ ആദരിക്കും.