യാത്രക്കാരി കുഴഞ്ഞുവീണു : മിനിറ്റുകള്‍ക്കകം ആശുപത്രിയിലെത്തിച്ച് ബസ് ജീവനക്കാർ
1539494
Friday, April 4, 2025 5:17 AM IST
കൊച്ചി: ബസിൽ കുഴഞ്ഞുവീണ യാത്രക്കാരിയെ ജീവനക്കാര്‍ മിനിറ്റുകള്‍ക്കകം ആശുപത്രിയിൽ എത്തിച്ചു. എറണാകുളം-വൈക്കം റൂട്ടില്‍ സര്‍വീസ് നടത്തുന്ന കാശിനാഥന് ബസിലെ ഡ്രൈവര്‍ പി.ഡി. ദീപുവും കണ്ടക്ടര്‍ ആദിത്യനും യാത്രക്കാരനായ ശ്യാമും ചേർന്ന് കണ്ടനാട് നിന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് എട്ടു മിനിറ്റ് കൊണ്ടാണ് രോഗിയെ എത്തിച്ചത്.
ഇന്നലെ രാവിലെ 8.30നായിരുന്നു സംഭവം. ബസ് കണ്ടനാട് എത്തിയപ്പോൾ പുതിയകാവില്‍ ജോലി ചെയ്യുന്ന വൈക്കം സ്വദേശിനി ബസില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ നിറയെ യാത്രക്കാരുമായി ബസ് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് ദീപു ഓടിച്ചു.
യാത്രയ്ക്കിടെ ഉണ്ടായ ഗതാഗതക്കുരുക്ക് റോഡിലേക്കിറങ്ങി ആദിത്യനാണ് നിയന്ത്രിച്ചത്. യുവതിയുടെ ബന്ധുക്കള്‍ എത്തുന്നവരെ യാത്രക്കാരനായ ശ്യാം സതീശൻ ആശുപത്രിയില്‍ നിന്നു. വൈക്കം സ്വദേശിയായ ഇദ്ദേഹം തൃപ്പൂണിത്തുറ ഹ്യുണ്ടായി സര്‍വീസ് സെന്ററിലെ ജീവനക്കാരനാണ്.
വൈക്കം പോളശേരി പാമ്പാടിത്തറ വീട്ടില്‍ ദീപു കഴിഞ്ഞ 14 വര്‍ഷമായി ബസ് ഡ്രൈവറാണ്. കണ്ടക്ടര്‍ ആദിത്യനും പോളശേരി സ്വദേശിയാണ്.