വേലിയേറ്റം: നഷ്ടപരിഹാരത്തിന് 14 വരെ അപേക്ഷിക്കാം
1539753
Saturday, April 5, 2025 4:05 AM IST
കൊച്ചി: വേലിയേറ്റത്തെ തുടര്‍ന്ന് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി ഈ മാസം 14 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. വൈപ്പിന്‍ നിയോജക മണ്ഡലവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റെയും കെ.എന്‍. ഉണ്ണികൃഷ്ണന് എംഎല്‍എയുടെയും നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം.
അക്ഷയ സെന്ററുകള്‍ വഴി റവന്യൂ വകുപ്പിന്റെ എല്‍ആര്‍ഡി പോര്‍ട്ടലിലാണ് അപേക്ഷിക്കേണ്ടത്. ഈ മാസം 24നകം തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ച് കേടുപാടുകള്‍ പരിശോധിച്ച് എസ്റ്റിമേറ്റ് തയാറാ ക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം അനുവദിക്കുക.
വേലിയേറ്റം ബാധിച്ചവര്‍ക്കായി അതാത് പഞ്ചായത്തുകളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ പ്രത്യേക മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. വൈപ്പിന്‍ മേഖലയുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് കടല്‍ തീരത്തിന് 50 മീറ്ററിന് പുറത്തുള്ളവരെയും പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന്റെ സാധ്യതകള്‍ തേടുമെന്ന് എംഎല്‍എ പറഞ്ഞു.
വല്ലാര്‍പാടം റിംഗ് ബണ്ട് റോഡ് നിര്‍മാണം ഉടൻ പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനമായി. ഇതിനു മുന്നോടിയായി സര്‍വേ നടത്തി അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കും.