ആശാ പ്രവർത്തകർക്ക് ഇൻസെന്റീവ് പ്രഖ്യാപിച്ചു
1539479
Friday, April 4, 2025 5:10 AM IST
കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് ആശാ പ്രവർത്തകർക്ക് 1500 രൂപ വീതം മാസം തോറും അഡീഷണൽ ഇൻസെന്റീവ് പ്രഖ്യാപിച്ചു. പഞ്ചായത്തുകളുടെ വിഹിതവും ചേർത്താൽ 3000 രൂപ മാസം അഡീഷണൽ ഇൻസെന്റിവായി ലഭിക്കും. കഴിഞ്ഞ 50ലേറെ ദിവസമായി സെക്രട്ടറിയേറ്റിനു മുന്പിൽ ആശാ പ്രവർത്തകർ സമരം നടത്തി വരികയാണ്.
കോവിഡ് കാലത്ത് ആരും പുറത്തിറങ്ങാൻ മടിച്ചിരുന്നപ്പോൾപോലും സ്വന്തം ജീവൻ പണയംവച്ച് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരാണ് ആശാപ്രവർത്തകർ. അവർക്ക് അർഹമായ വേതനം നൽകുക എന്നുള്ളത് സമൂഹത്തിന്റെ കടമയാണ്. അത് മനസിലാക്കിയാണ് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ആശാ പ്രവർത്തകർക്ക് അധികമായി 1500 രൂപ വീതം എല്ലാ മാസവും ലഭിക്കത്തക്ക രീതിയിൽ ഇൻസെന്റീവ് നൽകാൻ ഭരണസമിതി തീരുമാനിച്ചത്. ബ്ലോക്ക് പരിധിയിലുള്ള 200 ആശാപ്രവർത്തകർക്ക് ഈ ആനുകൂല്യം ലഭിക്കും.
കീരംപാറ, പിണ്ടിമന, കുട്ടന്പുഴ, പോത്താനിക്കാട്, വാരപ്പെട്ടി എന്നീ പഞ്ചായത്തുകൾ ഇതിനോടകം ഇൻസെന്റീവ് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. മറ്റ് പഞ്ചായത്തുകൾകൂടി തീരുമാനമെടുക്കാൻ ബ്ലോക്ക് പഞ്ചായത്ത് ആവശ്യപ്പെട്ടിട്ടുണ്ട്.
10 പഞ്ചായത്തും പദ്ധതി ഏറ്റെടുക്കുന്നതോടുകൂടി കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള മുഴുവൻ ആശാപ്രവർത്തകർക്കും എല്ലാ മാസവും 3000 രൂപ അധികമായി ലഭിക്കുന്ന പദ്ധതിക്കാണ് ബ്ലോക്ക് പഞ്ചായത്ത് വിഭാവനം ചെയ്യുന്നത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോബി അധ്യക്ഷ വഹിച്ചു.