ആ​ല​ങ്ങാ​ട്: പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ വ​യോ​ധി​ക​ൻ മ​രി​ച്ചു. കൊ​ങ്ങോ​ർ​പ്പി​ള്ളി ക​ശു​വി​ൻ​കൂ​ട്ട​ത്തി​ൽ വീ​ട്ടി​ൽ കെ.​എ. ബാ​ല​കൃ​ഷ്ണ​(73)​നാണ് മ​രി​ച്ച​ത്. വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള കെ​ട്ടി​ട​ത്തി​ൽ ചാ​യ​ക്ക​ട ന​ട​ത്തു​ന്ന ബാ​ല​കൃ​ഷ്ണ​ൻ ആ​റു​ മാ​സം മു​ന്പാ​ണ് പോ​ത്തി​നെ വാ​ങ്ങി​യ​ത്.

വീ​ടി​ന് സ​മീ​പ​ത്തു​ള്ള ഒ​ഴി​ഞ്ഞ പ​റ​ന്പി​ൽ പ​തി​വാ​യി കെ​ട്ടു​ന്ന പോ​ത്തി​ന് രാ​വി​ലെ​യും വൈ​കിട്ടും തീ​റ്റ​യും വെ​ള്ള​വും കൊ​ടു​ക്കു​ന്ന​തും ബാ​ല​കൃ​ഷ്ണ​നാ​ണ്. വെ​ള്ളി​യാ​ഴ്ച പ​ക​ൽ പോ​ത്തി​നെ മാ​റ്റിക്കെ​ട്ടാ​ൻ പോ​യ ബാ​ല​കൃ​ഷ്ണ​നെ കാ​ണാ​താ​യ​തോ​ടെ ഭാ​ര്യ ഉ​ഷ അ​ന്വേ​ഷി​ച്ചു ചെ​ന്ന​പ്പോ​ഴാ​ണ് പോ​ത്തി​ന്‍റെ അ​ടു​ത്തു​ത​ന്നെ പ​രി​ക്കേ​റ്റ നി​ല​യി​ൽ കി​ട​ക്കു​ന്ന​തു ക​ണ്ട​ത്. ഉ​ട​നെ ചേ​രാ​ന​ല്ലൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ത​ല​യ്ക്കും ദേ​ഹ​ത്തു​മെ​ല്ലാം പ​രി​ക്കേ​റ്റ പാ​ടു​ക​ളു​ണ്ട്. പോ​ത്ത് ആ​ക്ര​മി​ച്ച​താകാമെന്ന നിഗമനത്തി​ലാ​ണ് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ര​ഞ്ജി​ത്ത്, ശ്രീ​ജി​ത്ത്. മ​രു​മ​ക​ൾ: ബീ​ന.