യവന സുന്ദരിക്ക് ആലുവയിലെ ക്ഷേത്രനടയിൽ മാംഗല്യം
1539483
Friday, April 4, 2025 5:10 AM IST
ആലുവ: മലയാളി യുവാവും യവന യുവതിയും തമ്മിൽ ഇംഗ്ലണ്ടിൽ വിരിഞ്ഞ പ്രണയത്തിന് ആലുവയിൽ സാഫല്യം. ചുണങ്ങംവേലി എസ്ജി നിവാസിൽ വീട്ടിൽ സുരേഷ്-ബബിത ദമ്പതികളുടെ മകനായ അഭിനവ് സുരേഷും ഗ്രീസ് സ്വദേശിനി പരസ്കെയി നിക്സുവും തമ്മിലുള്ള വിവാഹമാണ് ഹിന്ദുമത ആചാരപ്രകാരം ആലുവ ചീരക്കട ശ്രീ ദുർഗാ ഭഗവതി ക്ഷേത്രത്തിൽ നടന്നത്.
അഞ്ച് വർഷമായി ഇംഗ്ലണ്ടിൽ കെയർ സർവീസിലാണ് അഭിനവ് ജോലി ചെയ്യുന്നത്. അവിടെ തന്നെയാണ് പരസ്കെയിയും ജോലി നോക്കുന്നത്. ഇവർ തമ്മിലുള്ള സൗഹൃദം പ്രണയമായി മാറിയപ്പോൾ വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഗ്രീസിൽ നിന്നും പരസ്കെയിയുടെ അമ്മ, സഹോദരി അടക്കമുള്ള കുടുംബാംഗങ്ങളും ദിവസങ്ങൾക്ക് മുമ്പേ കേരളത്തിലെത്തിയാണ് ചടങ്ങിൽ പങ്കെടുത്തത്. ഇന്നലെ വൈകിട്ട് ചേരാനല്ലൂരിൽ റിസപ്ഷനും നടന്നു. അഭിനവിന്റെ സഹോദരി നയനും ഇംഗ്ലണ്ടിൽ ജോലി ചെയ്യുന്നുണ്ട്.