പോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ ഹോട്ടലുടമ മരിച്ചു
1539618
Friday, April 4, 2025 10:28 PM IST
ആലങ്ങാട്: പോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ വയോധികൻ മരിച്ചു. കൊങ്ങോർപ്പിള്ളി കശുവിൻകൂട്ടത്തിൽ വീട്ടിൽ കെ.എ. ബാലകൃഷ്ണനാ(73)ണ് മരിച്ചത്.
വീടിനോടു ചേർന്നുള്ള കെട്ടിടത്തിൽ ചായക്കട നടത്തുന്ന ബാലകൃഷ്ണൻ ആറുമാസം മുന്പാണ് പോത്തിനെ വാങ്ങിയത്. വീടിന് സമീപത്തുള്ള ഒഴിഞ്ഞ പറന്പിൽ പതിവായി കെട്ടുന്ന പോത്തിന് രാവിലെയും വൈകീട്ടും തീറ്റയും വെള്ളവും കൊടുക്കുന്നതും ബാലകൃഷ്ണനാണ്.
വെള്ളിയാഴ്ച പകൽ പോത്തിനെ മാറ്റി കെട്ടാൻ പോയ ബാലകൃഷ്ണനെ കാണാതായതോടെ ഭാര്യ ഉഷ അന്വേഷിച്ചു ചെന്നപ്പോഴാണ് പോത്തിന്റെ അടുത്തുതന്നെ പരിക്കേറ്റ നിലയിൽ കിടക്കുന്നതു കണ്ടത്.
ഉടനെ ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയ്ക്കും ദേഹത്തുമെല്ലാം പരിക്കേറ്റ പാടുകളുണ്ട്. പോത്ത് ആക്രമിച്ചതു തന്നെയാണെന്ന സംശയത്തിലാണ് ബന്ധുക്കളും നാട്ടുകാരും. പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കാരം നടത്തി. മക്കൾ: രഞ്ജിത്ത്, ശ്രീജിത്ത്. മരുമകൾ: ബീന.