മലയാറ്റൂർ ബൈബിൾ കൺവൻഷന് ഭക്തിനിർഭരമായ തുടക്കം
1539757
Saturday, April 5, 2025 4:05 AM IST
കാലടി: അന്താരാഷ്ട്ര തീർഥാടന കേന്ദ്രമായ മലയാറ്റൂരിൽ നോമ്പുകാല തീർഥാടനത്തോടനുബന്ധിച്ചുള്ള ബൈബിൾ കൺവൻഷൻ തുടങ്ങി. കാഞ്ഞൂർ ഫൊറോന വികാരി ഫാ. ജോയി കണ്ണമ്പുഴ ഉദ്ഘാടനം ചെയ്തു. കുടുംബ ജീവിത വിശുദ്ധീകരണം എന്ന വിഷയത്തിൽ റവ. ഡോ. അഗസ്റ്റിൻ കല്ലേലി സന്ദേശം നൽകി. വികാരി ഫാ. ജോസ് ഉരുളക്കാട്ട് സഹവികാരിയായ ഫാ. നിഖിൽ മുളവരിക്കൽ എന്നിവർ പങ്കെടുത്തു.
ദിവസവും വൈകിട്ട് 4.45ന് ജപമാല, 5.15ന് വിശുദ്ധ കുർബാന, ആറിന് തിരുവചന സന്ദേശം, ആരാധന എന്നിവ നടക്കും. രാത്രി ഒന്പതിന് സമാപിക്കും. ഇന്നു വൈകിട്ട് അഞ്ചിന് വിശ്വാസ ജീവിതത്തിലെ വെല്ലുവിളികളും എന്ന വിഷയത്തിൽ ഫാ. സനു പുതുശേരിയും, ആറിന് പ്രത്യാശയുടെ തീർഥാടകർ എന്ന വിഷയത്തിൽ ഫാ. ജിസൺ പോൾ വേങ്ങാശേരിയും പ്രഭാഷണം നടത്തും. കൺവൻഷന് ശേഷം വിവിധ ഭാഗങ്ങളിലേക്ക് യാത്രാ സൗകര്യം ഒരുക്കിയിട്ടുണ്ട്.
13 മുതൽ 20 വരെ താഴത്തെ പള്ളിയിലും കുരിശുമുടിയിലും വിശുദ്ധവാരത്തോടനുബന്ധിച്ചുള്ള പ്രത്യേക തിരുക്കർമങ്ങൾ നടക്കും. 24 മുതൽ 27 വരെയാണ് പുതുഞായർ തിരുനാൾ. മേയ് രണ്ടു മുതൽ നാലു വരെ എട്ടാമിടം. നോമ്പുകാലമാരംഭിച്ചതോടെ നിരവധി തീർഥാടകർ കുരിശുമുടിയിലേക്ക് എത്തുന്നുണ്ട്.
24 മണിക്കൂറും കുരിശുമുടി കയറുന്നതിന് സൗകര്യമുണ്ട്. കുരിശുമുടിയിൽ ദിവസവും രാവിലെ 5.30 നും, 7.30നും, 9.30നും വൈകീട്ട് ആറിനും വിശുദ്ധ കുർബാനയുണ്ട്.
മുൻകൂട്ടി അറിയിച്ചു വരുന്ന ചെറിയ ഗ്രൂപ്പുകൾക്ക് ധ്യാനം, പ്രാർഥന എന്നിവയ്ക്ക് പ്രത്യേക സൗകര്യമൊരുക്കുമെന്ന് കുരിശുമുടി വൈസ് റെക്ടർ ഫാ. ജോസ് ഒഴലക്കാട്ട് പറഞ്ഞു. തീർഥാടകർക്ക് താമസത്തിനും വിശ്രമത്തിനും താഴത്തെ പള്ളിക്കു സമീപമുള്ള പിൽഗ്രിം സെന്ററിൽ സൗകര്യമുണ്ടാകും.