മഹാരാജാസിലെ തമ്മിൽത്തല്ല് : കെഎസ്യു ജില്ലാ പ്രസിഡന്റിനും പരാതിക്കാരനുമെതിരെ നടപടി
1539489
Friday, April 4, 2025 5:17 AM IST
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ കെഎസ്യു മുന്‍ യൂണിറ്റ് പ്രസിഡന്റിനെ ആക്രമിച്ച സംഭവത്തില്‍ കെഎസ്യു ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവർക്കെതിരെയും, ആക്രമണത്തിന് ഇരയായായ പരാതിക്കാരനെതിരെയും സംഘടനാ നടപടി.
ജില്ലാ പ്രസിഡന്റ് കെ.എം. കൃഷ്ണലാല്‍, ഭാരവാഹികളായ കെവിന് കെ. പോള്‍സണ്‍, അമര്‍ മിഷാല്‍, സഫ്വാന് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. ചെറിയ തര്‍ക്കങ്ങള്‍ വലിയ വിഷയമായി മാറിയതിലെ വീഴ്ചയുടെ പേരില്‍ എറണാകുളം അസംബ്ലി കമ്മിറ്റി പ്രസിഡന്റ് അമല്‍ ടോമിയെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
ജില്ലാ പ്രസിഡന്റിനെതിരായ പരാതിയിലെ ആരോപണങ്ങള്‍ കൃത്യമല്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പരാതിക്കാരനും ആക്രമണത്തിന് ഇരയുമായ മുഹമ്മദ് നിയാസിനെ സംഘടനാ ചുമതലകളില്‍ നിന്നും നീക്കം ചെയ്തിരിക്കുന്നത്.
മഹാരാജാസ് കോളജ് യൂണിറ്റ് കമ്മിറ്റി പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ തര്‍ക്കത്തിന്റെ തുടര്‍ച്ചയായി ജില്ലാ പ്രസിഡന്റും സംഘവും തന്നെ മർദിച്ചതായി കാണിച്ച് മുഹമ്മദ് നിയാസ് കെഎസ്യു സംസ്ഥാന പ്രസിഡന്റിന് പരാതി നല്‍കിയിരുന്നു. പരാതിയുടെ പകര്‍പ്പ് കെപിസിസി പ്രസിഡന്റ്, കെപിസിസി സംഘടനാ സെക്രട്ടറി, എറണാകുളം ഡിസിസി പ്രസിഡന്റ് എന്നിവര്‍ക്കും, എന്എസ്യു ദേശീയ അധ്യക്ഷനും കൈമാറിയിരുന്നു.
ഇതേത്തുടര്‍ന്ന് സംഘടനാ ആഭ്യന്തര അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. കമ്മിറ്റിയുമായി സഹകരിക്കാത്തതിനാണ് കൃഷ്ണ ലാലിനും സംഘത്തിനും എതിരെയുള്ള നടപടി. മഹാരാജാസ് കോളജിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് വ്യാജ പരാതി ചമച്ചു എന്നാണ് നിയാസിനെതിരായ കുറ്റം.