കൊച്ചി വിമാനത്താവളത്തിൽ വിദേശ ആമകളെ പിടികൂടി
1539164
Thursday, April 3, 2025 4:33 AM IST
നെടുമ്പാശേരി: വിദേശത്തുനിന്നും കൊണ്ടുവന്ന അപൂർവ ഇനത്തിൽപ്പെട്ട ആമകളെയും മുയലിനെയും കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടി. തായ് എയർവേയ്സ് വിമാനത്തിൽ ബാങ്കോക്കിൽ നിന്നും വന്ന തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശി കാർത്തിക് ചിന്നപ്പൻ(37) എന്ന യാത്രക്കാരനാണ് പിടിയിലായത്.
ഇന്തോ ചൈനീസ് ബോക്സ് ടർട്ടിൽ വിഭാഗത്തിൽപ്പെട്ട നാല് ആമകളെയാണ് ഇയാളുടെ പക്കൽ നിന്നും പിടികൂടിയത്. ഒരു സുമാത്രൻ മുയലും പിടികൂടിയിട്ടുണ്ട്. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ തീവ്രമായി വംശനാശ ഭീഷണി നേരിടുന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ആമകളാണ് പിടിയിലായിട്ടുള്ളത്.
എന്ത് ആവശ്യത്തിന് വേണ്ടിയാണ് ഈ ജീവികളെ കടത്തിക്കൊണ്ടുവന്നതെന്ന് വ്യക്തമായിട്ടില്ല. സ്കാനിംഗ് പരിശോധനയിൽ ബാഗേജിൽ ജീവനുള്ള വസ്തുക്കൾ ഉണ്ടെന്ന സംശയത്തെ തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ആമകളെയും മുയലിനെയും കണ്ടെത്തിയത്. പിടിയിലായ യാത്രക്കാരന്റെ അറസ്റ്റ് രേഖപ്പെടുത്തി നെടുമ്പാശേരി പൊലിസിന് കൈമാറി.