പോലീസ് സ്റ്റേഷനുകള്‍ "തൊണ്ടിത്താവളം'
1539752
Saturday, April 5, 2025 4:05 AM IST
കൊച്ചി: ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശം ഉണ്ടായിട്ടും ജില്ലയില്‍ വിവിധ കേസുകളിലടക്കം പിടിച്ചെടുത്ത വാഹനങ്ങള്‍ പോലീസ് സ്റ്റേഷനുകളില്‍ കെട്ടിക്കിടക്കുന്നു. കണക്കുകള്‍ പ്രകാരം വിവിധ കേസുകളില്‍ പിടിച്ചെടുത്ത 2,258 വാഹനങ്ങള്‍ നിലവില്‍ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലുണ്ട്. കൊച്ചി സിറ്റി പോലീസ് പരിധിയില്‍ മാത്രം 813 വാഹനങ്ങള്‍ അവകാശികളില്ലാതെ കിടക്കുന്നു.
എറണാകുളം റൂറല്‍ ജില്ലയിലെ സ്റ്റേഷനുകളില്‍ 1,445 വാഹനങ്ങള്‍ ഇത്തരത്തില്‍ പാര്‍ക്ക് ചെയ്തിട്ടുണ്ട്. പല പോലീസ് സ്റ്റേഷനുകളിലും പാര്‍ക്കിംഗ് സ്ഥലപരിമിതി ഉള്ളതിനാല്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ സൂക്ഷിക്കാന്‍ ഒരു പ്രത്യേക യാര്‍ഡ് വേണമെന്ന് വര്‍ഷങ്ങളായി വാദിക്കുന്നുണ്ടെങ്കിലും ഇതു നടപ്പായിട്ടില്ല.
കൊച്ചി സിറ്റിയില്‍ പാലാരിവട്ടം, കടവന്ത്ര, എളമക്കര, എറണാകുളം സെന്‍ട്രല്‍ തുടങ്ങിയ ഇടങ്ങളില്‍ സ്ഥലപരിമിതി മൂലം വാഹനങ്ങള്‍ റോഡിന് വശങ്ങളിലാണ്് പാര്‍ക്ക് ചെയ്തിരിക്കുന്നത്. നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ വാഹനങ്ങള്‍ ഉടമകള്‍ക്ക് വിട്ടുകൊടുക്കണമെന്ന് നിര്‍ദേശങ്ങളുണ്ടെങ്കിലും വളരെ കുറച്ച് ഉടമകള്‍ മാത്രമേ ഇവ തിരിച്ചെടുക്കാന്‍ മുന്നോട്ടു വരാറുള്ളൂ.
നിയമ നടപടികള്‍ക്കായി വര്ഷമെടുക്കുന്നത് വാഹനങ്ങള്‍ നശിക്കുന്നതിനും കാരണമാകുന്നുണ്ട്. അവകാശികളെത്താത്ത വാഹനങ്ങള്‍ പോലീസ് ലേലം ചെയ്യുകയാണ് പതിവ്. ലേലത്തില്‍ കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ ആരും വാങ്ങാതെ വരുന്നതോടെ ഇവ വീണ്ടും പോലീസ് സ്റ്റേഷനുകള്‍ക്ക് ഭാരമാകുന്നു.
അപകടത്തിൽപ്പെടുന്ന കാറുകളും ബസുകളും പലപ്പോഴും സംഭവങ്ങള്‍ക്ക് ശേഷവും മാസങ്ങളോളം പോലീസ് സ്റ്റേഷനുകളില്‍ തന്നെ കിടക്കുന്ന അവസ്ഥയാണ്.
പോലീസ് സ്റ്റേഷനുകളില്‍ പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ പെരുകിയതോടെയാണ് ആഭ്യന്തരവകുപ്പ് സ്റ്റേഷന് പരിസരങ്ങളില്‍ നിന്നു വാഹനങ്ങള്‍ എത്രയും വേഗം നീക്കം ചെയ്യണമെന്ന നിര്‍ദേശം നല്‍കിയത്.
ഗതാഗത നിയമലംഘന കേസുകളില്‍ വാഹനം ഭൗതികമായി കസ്റ്റഡിയിലെടുക്കുന്നതിന് പകരം വാഹനത്തിന്റെ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് മാത്രം പിടിച്ചെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ നിര്‍ദേശം പലയിടങ്ങളിലും പൂര്‍ണമായി പാലിക്കപ്പെടുന്നില്ല.