ചൂടില്‍ വിയര്‍ത്ത് നിര്‍മാണ മേഖല
1539487
Friday, April 4, 2025 5:17 AM IST
കൊച്ചി: ചൂട് കനത്തതോടെ ജില്ലയിലെ നിര്‍മാണ മേഖല സ്തംഭനത്തിലേക്ക്. ഇതുവരെ ജില്ലയില്‍ രേഖപ്പെടുത്തിയിയ ഉയര്‍ന്ന താപനില 35.1 ഡിഗ്രി സെൽഷ്യസ് ആണ്. വരുംദിവസങ്ങളില്‍ താപനില ഉയരുന്നതോടെ നിര്‍മാണ ജോലികള്‍ കൂടുതല്‍ പ്രതിസന്ധിയിലാകുമെന്ന് കരാറുകാര്‍ പറയുന്നു. ചൂട് കനത്തതോടെ ദുരന്തനിവാരണ അഥോറിട്ടി മുന്നറിയിപ്പുകളും പുറപ്പെടുവിച്ചിട്ടുണ്ട്.
കൊച്ചി മൊട്രോയുടെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടക്കം സര്‍ക്കാര്‍ മേഖലയിലെ നിരവധി നിര്‍മാണങ്ങളും ജില്ലയില്‍ പുരോഗമിക്കുന്നുണ്ട്. രാവിലെ പത്ത് മുതല്‍ വൈകിട്ട് നാലു വരെ പുറത്ത് ജോലി ചെയ്യാന്‍ കഴിയാത്തത്ര ചൂടാണ് നിലവില്‍ അനുഭവപ്പെടുന്നതെന്ന് നിര്‍മാണ തൊഴിലാളികള്‍ പറയുന്നു.
ചൂടിന് അനുസരിച്ച് ജോലി സമയം ക്രമീകരിക്കുന്നതോടെ നിശ്ചയിച്ച സമയത്ത് നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യവുമുണ്ട്. ദേശീയപാത 66 നിര്‍മാണത്തിന്റെ ഭാഗമായുള്ള നിര്‍മാണ ജോലികള്‍, ഓപ്പറേഷന് ബ്രേക്ക് ത്രൂവിന്റെ ഭാഗമായുള്ള പ്രവൃത്തികള്‍, കൊച്ചിന് കാസര് സെന്റര്‍ നിര്‍മാണം തുടങ്ങിയവയാണ് നിലവില്‍ പുരോഗമിക്കുന്ന മറ്റ് പ്രധാന പദ്ധതികൾ. ഇതിനുപുറമേ വാട്ടര്‍ അഥോറിട്ടിയുടെ കീഴിലെ നിര്‍മാണ ജോലികള്‍, വീട് നിര്‍മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങളും പൊള്ളുകയാണ്.
ഉയര്‍ന്ന ചൂടിന് പുറമേ ജലദൗര്‍ലഭ്യവും മേഖലയ്ക്ക് തിരിച്ചടിയായി. ജില്ലയില്‍ നിര്‍മാണ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ ഭൂരിഭാഗവും ഇതരസംസ്ഥാന തൊഴിലാളികളാണ്. അതുകൊണ്ടുതന്നേ വിദഗ്ധരായ ജോലിക്കാരുടെ അഭാവവും നിര്‍മാണ പ്രവര്‍ത്തികള്‍ ഇഴയുന്നതിന് കാരണമായെന്ന് കരാറുകാര്‍ ചൂണ്ടിക്കാട്ടുന്നു.