കൈക്കൂലിക്കേസ്: ഐഒസി ഓഫീസില്‍ വിജിലന്‍സ് പരിശോധന
1539754
Saturday, April 5, 2025 4:05 AM IST
കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് (ഐഒസി) ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അലക്സ് മാത്യു കൈക്കൂലി കേസിൽ പിടിയിലായതുമായി ബന്ധപ്പെട്ട് പനമ്പിള്ളിനഗറിലെ ഐഒസി കേരള സ്റ്റേറ്റ് ഓഫീസിൽ തിരുവനന്തപുരത്തു നിന്നുള്ള വിജിലന്‍സ് സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് പരിശോധന നടത്തി. സംഘം ഉന്നത ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി.
ഇന്നലെ ഉച്ചയോടെ പനമ്പിള്ളിനഗറിലെ ഓഫീസിലെത്തിയ വിജിലന്‍സ് സംഘത്തിന്റെ നടപടികള്‍ മൂന്നു മണിക്കൂറോളം നീണ്ടു. കഴിഞ്ഞ മാസം 15നാണ് കൈക്കൂലി കേസില്‍ അലക്സ് മാത്യു അറസ്റ്റിലായത്. വിജിലന്‍സ് തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. ഗ്യാസ് ഏജന്‍സി ഉടമയുടെ വീട്ടിലെത്തി രണ്ടു ലക്ഷം രൂപ കൈക്കൂലി കൈപ്പറ്റുന്നതിനിടെയായിരുന്നു അറസ്റ്റ്.
കുറവന്‍കോണം പണ്ഡിറ്റ് കോളനിയില്‍ താമസിക്കുന്ന കൊല്ലം കടയ്ക്കല്‍ സ്വദേശി മനോജിന്റെ പരാതിയിലായിരുന്നു അറസ്റ്റ്.
ഐഒസി ലൈസന്‍സുള്ള ഗ്യാസ് ഏജന്‍സിയിലെ ഗുണഭോക്താക്കളെ മറ്റ് ഏജന്‍സികളിലേക്ക് മാറ്റുമെന്നും അങ്ങനെ ചെയ്യാതിരിക്കാന്‍ 10 ലക്ഷം രൂപയാണ് അലക്സ് മാത്യു കൈക്കൂലി ആവശ്യപ്പെട്ടത്.