പറവൂർ കേസരി കോളജിൽ എംജി സർവകലാശാലാ സംഘം പരിശോധന നടത്തി
1539766
Saturday, April 5, 2025 4:14 AM IST
പറവൂർ: കേസരി ആർട്സ് ആൻഡ് സയൻസ് കോളജിന്റെ നിലവിലെ ഭൗതിക സാഹചര്യങ്ങൾ വിലയിരുത്തുന്നതിന് എംജി സർവകലാശാലയുടെ ഏഴംഗ പരിശോധനാ സംഘമെത്തി.
സിൻഡിക്കേറ്റ് അംഗം ഡോ. ടി.വി. സുജ, ഡിസിഡിസി പ്രഫ. പി.ആർ. ബിജു, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് കോളജിയറ്റ് എഡ്യുക്കേഷൻ എറണാകുളം പ്രഫ. പ്രിയ പി. മേനോൻ, യൂണിവേഴ്സിറ്റി എൻജിനീയർ രജനി ജോൺ, അസോ. പ്രഫസർമാരായ കെ.എ. വിഘ്നേഷ്, ഡോ. ലീന സി. ശേഖർ, പി.എസ്. ഷൈൻ എന്നിവരാണ് കോളജ് സന്ദർശിച്ചത്. കേസരി കോളജിലെ സ്പെഷൽ ഓഫീസർ ജോബി വർഗീസ് സംഘത്തിന് കാര്യങ്ങൾ വിശദീകരിച്ചു നൽകി.
ഒരു സർക്കാർ കോളജ് തുടങ്ങുന്നതിന് ആവശ്യമായ സംവിധാനങ്ങൾ ഇവിടെ ഉണ്ടെന്നാണ് സംഘം വിലയിരുത്തിയത്. ബികോം ഫിനാൻസ് ആൻഡ് ടാക്സേഷൻ ആൻഡ് ലോജിസ്റ്റിക് മാനേജ്മെന്റ് , ബിഎസ്സി സൈബർ ഫൊറൻസിക് വിത്ത് നെറ്റ്വർക് സെക്യൂരിറ്റി ആൻഡ് ഓപ്പറേറ്റിംഗ് സിസ്റ്റം ആർക്കിടെക്ചർ, ബിഎ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ എന്നീ കോഴ്സുകൾ തുടങ്ങാനാണ് സർക്കാർ അംഗീകാരം നൽകിയിരിക്കുന്നത്.
സംസ്ഥാനത്തു നാല് വർഷ ബിരുദ ഓണേഴ്സ് സമ്പ്രദായമായതിനാൽ ഇവിടേയും നാല് വർഷ ബിരുദ കോഴ്സുകളാണ് ഉണ്ടാകുക.എത്ര സീറ്റുകൾ ഓരോ കോഴ്സിലും അനുവദിക്കണമെന്ന കാര്യത്തിൽ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാത്തിലാണ് അന്തിമ തീരുമാനമെടുക്കുക. അധ്യാപകരുടെയും അനധ്യാപകരുടെയും നിയമനം സംബന്ധിച്ച് സർക്കാർ വേഗത്തിൽ ഉത്തരവിറക്കണം.
ജൂലൈയിൽ തന്നെ കോളജ് ആരംഭിക്കാനുള്ള നടപടികളുമായാണു മുന്നോട്ടുപോകുന്നത്. പരിശോധനക്കു ശേഷം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, എസ്. ശർമ, നഗരസഭ പ്രതിപക്ഷനേതാവ് ടി.വി. നിധിൻ, കേസരി ട്രസ്റ്റ് ഭാരവാഹികൾ എന്നിവരുമായി സംഘം ചർച്ച നടത്തി. കേസരി സ്മാരക ട്രസ്റ്റിന് കീഴിൽ പ്രവർത്തിച്ചിരുന്ന കേസരി ആർട്സ് ആൻഡ് സയൻസ് കോളജാണ് സർക്കാർ കോളജാക്കുന്നത്.