എറണാകുളം കരയോഗം ശതാബ്ദി; ഉദ്ഘാടനം ഇന്ന്
1539461
Friday, April 4, 2025 4:33 AM IST
കൊച്ചി: എറണാകുളം കരയോഗത്തിന്റെ ഒരു വര്‍ഷം നീളുന്ന ശതാബ്ദിയാഘോഷങ്ങള്‍ക്ക് ഇന്നു തുടക്കമാകും. ഉച്ചകഴിഞ്ഞു മൂന്നിനു ടിഡിഎം ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മുഖ്യാതിഥിയാകും.
ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി ഒരു വര്‍ഷം നീളുന്ന കലാ, സാംസ്കാരിക, സാമൂഹ്യ ക്ഷേമ പദ്ധതികൾ നടപ്പാക്കും. ജാതിമത ഭേദമെന്യേ സാമ്പത്തികമായും സാമൂഹ്യമായും പിന്നാക്കം നില്ക്കുന്ന കുടുംബങ്ങളിലെ നൂറു പെണ്‍കുട്ടികളുടെ വിവാഹങ്ങള്‍ ടിഡിഎം ഹാളില്‍ നടത്തുമെന്നു ജനറല്‍ സെക്രട്ടറി പി.രാമചന്ദ്രന് അറിയിച്ചു.
നാളെ വനിതാ സാഹിത്യ സംഗമം, ആറിന് കാവ്യാഞ്ജലി, യുവ സാഹിത്യകാര സംഗമം, മേയ് 30 മുതല്‍ നാടകോത്സവം, ജൂണ്‍ 20 മുതല്‍ 22 വരെ കഥകളി ഉത്സവം, ജൂലൈ 17 ന് സമ്പൂര്‍ണ രാമായണ പാരായണം, സെപ്റ്റംബര്‍ 22 മുതല്‍ 24 വരെ നൃത്തോത്സവം, 25 മുതല്‍ 27 വരെ സംഗീതോത്സവം, ഒക്ടോബര്‍ 24 നു അനുഷ്ഠാനകലകള്‍, നവംബര്‍ 20 മുതല്‍ 22 വരെ നാടന്‍ കലോത്സവം എന്നിവയുണ്ടാകും.