ഹയർ സെക്കൻഡറി മൂല്യനിർണയ ക്യാന്പിൽ പ്രതിഷേധം
1539477
Friday, April 4, 2025 5:10 AM IST
മൂവാറ്റുപുഴ: ഹയർ സെക്കൻഡറി മൂല്യനിർണയ ക്യാന്പിൽ പ്രതിഷേധം. മൂവാറ്റുപുഴ ഹയർ സെക്കൻഡറി മൂല്യനിർണയ ക്യാന്പുകൾ ആരംഭിച്ച ആദ്യ ദിനംതന്നെ ഹയർ സെക്കൻഡറി അധ്യാപകർ പ്രതിഷേധവുമായി രംഗത്തെത്തി.
ഹയർ സെക്കൻഡറി വിദ്യാഭ്യാസമേഖലയെ ഇല്ലാതാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ഫെഡറേഷൻ ഓഫ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിലെ ക്യാന്പിൽ പ്രതിഷേധം സംഘടിപ്പിച്ചത്.
ഖാദർ കമ്മിറ്റി റിപ്പോർട്ട് തള്ളിക്കളയുക, സ്കൂൾ ഏകീകരണ നടപടികൾ അവസാനിപ്പിക്കുക തസ്തികകൾ ഇല്ലാതാക്കി അധ്യാപകരെ സ്ഥലം മാറ്റുന്ന നടപടികൾ അവസാനിപ്പിക്കുക, പ്ലസ് വണ്‍ പ്രവേശനത്തിലെ അനാവശ്യമായ സീറ്റ് വർധന ഒഴിവാക്കുക, ഒരു ബാച്ചിൽ പരമാവധി 50 കുട്ടികളെന്ന നിലവിലുള്ള നിയമം പാലിച്ച് പ്രവേശനം നടത്തുക,
മൂല്യനിർണയ വേതനം വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. എഫ്എച്ച്എസ്ടിഎ ജില്ലാ ചെയർമാൻ എസ്. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.