ജല അഥോറിറ്റി കുത്തിപ്പൊളിച്ച റോഡ് നന്നാക്കിയില്ല; പ്രതിഷേധം വ്യാപകം
1539470
Friday, April 4, 2025 5:00 AM IST
മൂവാറ്റുപുഴ: ഒരു വർഷം മുന്പ് ജല അഥോറിറ്റി കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കുന്നതിന് നഗരത്തിലെ റോഡ് കുത്തിപ്പൊളിച്ചത് സഞ്ചാരയോഗ്യമാക്കാത്തതിൽ പ്രതിഷേധം വ്യാപകം. വള്ളക്കാലിൽ, ആരക്കുഴ എന്നീ റോഡുകളാണ് അമൃത് പദ്ധതിയിലുൾപ്പെടുത്തി കുത്തിപ്പൊളിച്ചത്.
റോഡ് കുത്തിപ്പൊളിക്കുന്നതിന് നാലുമാസം മുന്പ് ഈ റോഡുകളുടെ അറ്റകുറ്റപ്പണികൾ പിഡബ്ല്യുഡി പൂർത്തീകരിച്ചിരുന്നതാണ്. ജല അഥോറിറ്റി 38 ലക്ഷം മുൻകൂറായി പണം അടച്ചശേഷമാണ് റോഡ് പൊളിക്കുന്നതിനുള്ള അനുമതി പിഡബ്ല്യുഡി നൽകിയിരുന്നത്. എന്നാൽ ജല അഥോറിറ്റി സമയബന്ധിതമായി പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികൾ പൂർത്തീകരിച്ചെങ്കിലും പിഡബ്ല്യുഡി പിന്നീട് ഈ റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയില്ല.
നഗരസഭാംഗങ്ങളായ ജിനു മടേയ്ക്കൽ, ജോസ് കുര്യാക്കോസ് എന്നിവർ നിരവധി തവണ പിഡബ്ല്യുഡി അധികൃതരെ റോഡ് ടാർ ചെയ്യുന്നതിനായി സമീപിച്ചുവെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. മഴക്കാലം ആരംഭിക്കുന്നതാടെ വിദ്യാർഥികളടക്കമുള്ള നൂറ് കണക്കിന് ആളുകൾക്ക് വലിയ ദുരിതമായിരിക്കും ഉണ്ടാവുക.
തുടർന്ന് പ്ലക്കാർഡുകളുമായി നഗരസഭാംഗങ്ങൾ പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനീയറെ നേരിൽക്കണ്ട് സംഭവത്തിന്റെ ഗൗരവം മനസിലാക്കി. രണ്ടാഴ്ചയ്ക്കുള്ളിൽ റോഡിന്റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചില്ലെങ്കിൽ വാർഡിലെ ജനങ്ങളെയും മറ്റ് നഗരസഭാംഗങ്ങളെയും ഉൾപ്പെടുത്തി ശക്തമായ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്നും നഗരസഭാംഗങ്ങൾ മുന്നറിയിപ്പ് നൽകി.