എറണാകുളം നോർത്ത്, സൗത്ത് റെയിൽവെ സ്റ്റേഷൻ നവീകരണം : വരുന്നു... ആകാശപ്പാതകൾ
1539751
Saturday, April 5, 2025 4:05 AM IST
കൊച്ചി: എറണാകുളം സൗത്ത്, നോർത്ത് റെയിൽവെ സ്റ്റേഷനുകളിൽ നിന്നു മെട്രോ, ബസ് സ്റ്റോപ്പുകളിലേക്കുള്ള യാത്ര സുഗമമാക്കാൻ ആകാശപ്പാത (സ്കൈവാക്ക്) നിർമിക്കും. ഇരു റെയിൽവെ സ്റ്റേഷനുകളുടെയും നവീകരണപ്രവർത്തനങ്ങൾ പൂർത്തിയാകുന്ന മുറയ്ക്കാകും ആകാശപ്പാതകൾ നിർമിക്കുക.
സൗത്ത് റെയിൽവെ സ്റ്റേഷനിൽ നിന്ന് സൗത്ത് മെട്രോ സ്റ്റേഷനിലേക്കാകും ആകാശപ്പാതയൊരുക്കുക. നോർത്ത് റെയിൽവെ സ്റ്റേഷൻ മുതലുള്ള സ്കൈവാക്ക് നോർത്ത് ഓവർ ബ്രിഡ്ജ് വരെയുണ്ടാകും. ഇവിടുന്നു ബസ് സ്റ്റോപ്പിലേക്കും ടൗൺ ഹാൾ മെട്രോ സ്റ്റേഷനിലേക്കും എളുപ്പത്തിൽ പ്രവേശിക്കാനാകുന്ന രീതിയിലാകും നിർദിഷ്ട പാതയുടെ ക്രമീകരണം.
സൗത്ത്, നോർത്ത് റെയിൽവെ സ്റ്റേഷനുകളുടെ പുനർവികസന പദ്ധതികൾ സമയബന്ധിതമായും നിർദിഷ്ട ഗുണനിലാവരത്തോടെയും പൂർത്തീകരിക്കുമെന്നു കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ലോക്സഭയിൽ ഹൈബി ഈഡൻ എംപിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
സൗത്ത് റെയിൽവെ സ്റ്റേഷനിൽ കിഴക്കേ ടെർമിനലിന്റെ ഫൗണ്ടേഷൻ, മൾട്ടി ലെവൽ കാർ പാർക്കിംഗ് എന്നിവയുടെ നിർമാണം പൂർത്തിയായി. കിഴക്കേ ടെർമിനൽ കെട്ടിടത്തിന്റെയും, മൾട്ടി ലെവൽ കാർ പാർക്കിംഗ്, സർവീസ് കെട്ടിടം എന്നിവയുടെയും ഘടനാപരമായ ജോലികൾ ആരംഭിച്ചിട്ടുണ്ട്. ഓഫീസ് കെട്ടിടം, പി-വേ ഡിപ്പോ, പി-വേ ഓഫീസ് എന്നിവയുടെ ഫിനിഷിംഗ് ജോലികൾ നടക്കുന്നു. പടിഞ്ഞാറേ ടെർമിനലിന്റെ അടിസ്ഥാനം നിർമിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
എറണാകുളം നോർത്ത് സ്റ്റേഷനിൽ വെസ്റ്റ് ടെർമിനൽ കെട്ടിടത്തിന്റെയും (സെഗ്മെന്റ് 1 ), മൾട്ടി ലെവൽ കാർ പാർക്കിംഗ് ഏരിയയുടെയും നിർമാണവും ഫാബ്രിക്കേഷൻ ജോലികളും നടക്കുന്നുണ്ട്. ഫൂട്ട് ഓവർ ബ്രിഡ്ജിനുള്ള ഫൗണ്ടേഷൻ ജോലികൾ പൂർത്തിയായി. റസിഡൻഷ്യൽ ടവറിന്റെ ഘടനാപരമായ ജോലികൾ പൂർത്തിയായി. താത്കാലിക പ്രവർത്തനങ്ങൾക്കായി സബ്സ്റ്റേഷൻ, പുതിയ ഒപ്റ്റിക്കൽ ഫൈബർ കേബിൾ റിപ്പീറ്റർ റൂം, താത്കാലിക മലിനജല ട്രീറ്റ്മെന്റ് പ്ലാന്റ് എന്നിവയും പൂർത്തിയായിട്ടുണ്ട്.
എറണാകുളം സൗത്ത്, നോർത്ത് റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസന പദ്ധതികളിൽ ഫീഡിംഗ് റൂം, ചൈൽഡ് ഹെൽപ് ലൈൻ, ആരോഗ്യ സൗകര്യങ്ങൾ, സുരക്ഷാ ക്രമീകരണങ്ങൾ, ടോയ്ലറ്റുകൾ തുടങ്ങിയവ ഉറപ്പാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
നവീകരണം പതുക്കെ? ഇതാണു കാരണം
കുടിവെള്ള കണക്ഷനുകൾ, മലിനജല പൈപ്പുകൾ, ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ, ഗ്യാസ് പൈപ്പ് ലൈനുകൾ, മറ്റു കേബിളുകൾ മുതലായവ മാറ്റൽ, യാത്രക്കാരുടെ സ്വതന്ത്രമായ സഞ്ചാരം ഉറപ്പാക്കൽ, നിർമാണ പ്രവൃത്തികൾ കാരണം ട്രെയിനുകളുടെ വേഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തൽ,
ഉയർന്ന വോൾട്ടേജുള്ള വൈദ്യുതി ലൈനുകളുടെ സാമീപ്യം-ഇതുപോലുള്ള പരിഗണിക്കേണ്ട മറ്റു ഘടകങ്ങൾ എന്നിവ റെയിൽവെ സ്റ്റേഷനുകളുടെ പുനർവികസന പദ്ധതികളുടെ പൂർത്തീകരണ സമയത്തെ ബാധിക്കുന്നുണ്ട്.
യാത്രക്കാരുടെയും ട്രെയിനുകളുടെയും സുരക്ഷ, വിവിധ നിയമപരമായ അനുമതികൾ, തുടങ്ങിയവ ഈ പ്രവർത്തനങ്ങളെയും അതിന്റെ പുരോഗതിയെയും ബാധിക്കുന്നതാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.