തദ്ദേശ സ്ഥാപനങ്ങളോട് അവഗണന; യുഡിഎഫ് രാപകല്‍ സമരം നടത്തി
1539756
Saturday, April 5, 2025 4:05 AM IST
കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപങ്ങള്‍ക്ക് ഈ വര്‍ഷത്തെ ബജറ്റില്‍ വകയിരുത്തിയ തുക ഭീമമായി വെട്ടിക്കുറച്ചതിലും, തദ്ദേശ സ്ഥാപനങ്ങള്‍ക്കു ഭരണഘടനാപരമായി ഉണ്ടായിരുന്ന അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നതിലും പ്രതിഷേധിച്ച് യുഡിഎഫ് രാപകല്‍ സമരം നടത്തി. കൊച്ചി കോര്‍പറേഷനില്‍ നടന്ന സമരം എറണാകുളം വഞ്ചി സ്ക്വയറില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങളെ കബളിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശ സ്ഥാപങ്ങള്‍ക്ക് മൂന്നു തവണയായാണ് ഫണ്ടുകള്‍ നല്‍കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം രണ്ടാം ഗഡു കൊടുത്തത് വളരെ വൈകിയാണെന്നും, തുടര്‍ന്ന് ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു. ജിഎസ്ടിയുടെ വരവോടെ തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട് കുറഞ്ഞു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ട ഫണ്ട് യഥാസമയം നല്‍കുന്നുമില്ല.
ഫണ്ടുകള്‍ ഉണ്ടെങ്കിലും അത് ഉപയോഗിക്കാനാകാത്ത അവസ്ഥയിലാണിപ്പോഴെന്നും വി.ഡി. സതീശന് കുറ്റപ്പെടുത്തി. ടി.ജെ. വിനോദ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ഘടക കക്ഷി നേതാക്കളായ രാജന് ബാബു,
പി.സി. തോമസ്, നിയാസ്, മിനി ജോണ്സണ്, എം.സി. ലോറന്‍സ്, കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം അജയ് തറയില്‍, യുഡിഎഫ് ജില്ലാ ചെയര്മാന് ഡൊമിനിക് പ്രസന്റേഷന്, എന്‍. വേണുഗോപാല്‍, ടോണി ചമ്മിണി, തമ്പി സുബ്രഹ്മണ്യം തുടങ്ങിയവര്‍ പ്രസംഗിച്ചു.