ജോമോന്റെ കനിവിൽ ഉഷ-മുരുകൻ ദമ്പതികൾക്ക് സുരക്ഷിത ഭവനമൊരുങ്ങി
1539460
Friday, April 4, 2025 4:33 AM IST
താക്കോൽദാനം നാളെ രമേശ് ചെന്നിത്തല നിർവഹിക്കും
വൈപ്പിൻ: മക്കളുടെ മാമ്മോദീസയും, ആദ്യകുർബാന സ്വീകരണവും നടത്തുന്ന ചെലവിൽ നിന്ന് ഒരു വിഹിതം മാറ്റി വച്ച് പ്രവാസിയായ ഞാറക്കലെ ജോമോൻ പുതുശേരി നിർധനരും വയോധികരുമായ ദമ്പതികൾക്കായി സുരക്ഷിത ഭവനം ഒരുക്കി. ഞാറക്കൽ വാലക്കടവ് സ്വദേശികളായ ഉഷ - മുരുകൻ ദമ്പതികൾക്കാണ് ജോമോന്റെ കനിവിൽ ഭവനം ഒരുങ്ങിയത്.
മൂത്ത മകൾ റെബേക്കയുടെ ആദ്യ കുർബാന സ്വീകരണവും ഇളയ മകൾ ബെത്തനിയുടെ മമ്മോദീസ ചടങ്ങിനും മാറ്റിവച്ച തുകയിൽ നിന്ന് ഒമ്പത് ലക്ഷം ചെലവഴിച്ചാണ് വീട് വച്ചത്. ഇതോടൊപ്പം സമീപത്തുള്ള കളത്തിപ്പറമ്പിൽ രാധാകൃഷ്ണന്റെ വീടും ഒരു ലക്ഷത്തോളം രൂപ മുടക്കി അറ്റകുറ്റപ്പണികൾ ചെയ്തു കൊടുത്തു.
ഏഴാം വാർഡ് കോൺഗ്രസ് കമ്മിറ്റിക്കായിരുന്നു എല്ലാത്തിന്റെയും നിർമാണ ചുമതല. വീടിന്റെ താക്കോൽ ദാനം നാളെ വൈകുന്നേരം അഞ്ചിന് രമേശ് ചെന്നിത്തല എംഎൽഎ നിർവഹിക്കും. ഹൈബി ഈഡൻ എംപി, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, വൈസ് പ്രസിഡന്റ് ടിറ്റോ ആന്റണി എന്നിവർ സംബന്ധിക്കും.