എറണാകുളത്ത് നിന്ന് മോഷ്ടിച്ച ബൈക്കുമായി പ്രതി അന്പലപ്പുഴയിൽ പിടിയില്‍
1539761
Saturday, April 5, 2025 4:14 AM IST
കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതി പോലീസിന്റെ പിടിയിലായി. അമ്പലപ്പുഴ കുന്നുമേല്‍ ഭാഗം അംബേദ്കര്‍ കോളനിയില്‍ താമസിക്കുന്ന പ്രകാശി(27)നെയാണ് കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്.
സെക്യൂരിറ്റി ജീവനക്കാരനായ ബൈക്ക് ഉടമ സൗത്ത് റെയില്‍വേ സ്റ്റേഷന്റെ കിഴക്കേ കവാടത്തിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന ഹോണ്ട ഷൈന്‍ ബൈക്കാണ് കഴിഞ്ഞ ഡിസംബറില്‍ പ്രതി മോഷ്ടിച്ചത്.
തുടര്‍ന്ന് പ്രതി ബൈക്കുമായി അമ്പലപ്പുഴയിലെത്തി ഉപയോഗിച്ചുവരികയായിരുന്നു. ഇതിനി ടെ ജനുവരി ആദ്യവാരം പ്രതി ബൈക്കുമായി കറങ്ങവെ തകഴിയില്‍ വച്ച് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചു. ഇതുമായി ബന്ധപ്പെട്ട് പോലീസ് നടപടികളാണ് അറസ്റ്റിലേക്ക് എത്തിയത്.
അപകടത്തെ തുടര്‍ന്ന് അമ്പലപ്പുഴ പോലീസ് കേസ് എടുത്തിരുന്നു. പിന്നീട് ബൈക്ക് സ്റ്റേഷനില്‍ ഹാജരാക്കണമെന്ന് പോലീസ് ആവശ്യപ്പെട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതി എത്തിയില്ല. അപകടത്തിന് ശേഷം മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാക്കി പ്രതി മുങ്ങുകയും ചെയ്തു.
ഇതിനിടെ ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട കേസിന്റെ കാര്യം കടവന്ത്ര പോലീസ് സംസ്ഥാനത്തെ എല്ലാ സ്റ്റേഷനുകളിലും അറിയിച്ചിരുന്നു. ബൈക്കിന്റെ നമ്പര്‍ തിരിച്ചറിഞ്ഞ അമ്പലപ്പുഴ പോലീസ് ഇക്കാര്യം കടവന്ത്ര പോലീസിൽ അറിയിച്ചു. ഇതുപ്രകാരം കടവന്ത്ര പോലീസ് പോലീസ് അമ്പലപ്പുഴയിലെത്തി പ്രതിയുടെ വീട്ടിലും മറ്റും അന്വേഷണം നടത്തിയെങ്കിലും പിടികൂടാനായില്ല.
പിന്നീട് ദിവസങ്ങളോളം കാത്തിരുന്ന് ഇന്നലെ വൈകിട്ട് അമ്പലപ്പുഴയിലെത്തിയ പ്രതിയെ കടവന്ത്ര പോലീസ് തന്ത്രപരമായി പിടികൂടുകയായിരുന്നു. കടവന്ത്ര പ്രിന്‍സിപ്പല്‍ എസ്ഐ ബി. ദിനേശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഇന്ന് കോടതിയില്‍ ഹാജരാക്കും.