കാര്‍-ടി സെല്‍ തെറാപ്പി: കൊച്ചിയിൽ ദേശീയ ശില്പശാല
1539492
Friday, April 4, 2025 5:17 AM IST
കൊച്ചി: കാന്‍സറിനെതിരെയുള്ള ആധുനിക ചികിത്സയായ കാര്‍-ടി സെല്‍ തെറാപ്പിയുമായി ബന്ധപ്പെട്ട് കൊച്ചിയിൽ ആറിന് ദേശീയ ശില്പശാല (ക്യുറാ ഇമ്യൂണിസ്) സംഘടിപ്പിക്കും. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ മെഡിക്കല്‍ ഓങ്കോളജി ആൻഡ് ക്ലിനിക്കല്‍ ഹെമറ്റോളജി ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ ആറിന് എറണാകുളം ക്രൗണ്‍ പ്ലാസയിലാണു ശില്പശാല.
ഉച്ചയ്ക്ക് 12ന് വിഴിഞ്ഞം തുറമുഖം മാനേജിംഗ് ഡയറക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഉദ്ഘാടനം ചെയ്യും. ആശുപത്രി എംഡി ഡോ. പി.വി. ലൂയിസ് അധ്യക്ഷത വഹിക്കും. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിൽ ആരംഭിക്കുന്ന പുതിയ ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് ആൻഡ് കാര്‍-ടി സെല്‍ തെറാപ്പി യൂണിറ്റിന്റെ ഉദ്ഘാടനവും കോണ്‍ക്ലേവില്‍ നടക്കും.
യുഎസിലെ പ്രമുഖ കാന്‍സര്‍ ചികിത്സാ വിദഗ്ധനും ടെക്സാസ് യൂണിവേഴ്സിറ്റിയിലെ പ്രഫസറുമായ ഡോ. സത്വ എസ്. നീലാപ്പ് മുഖ്യപ്രഭാഷണം നടത്തും.
കോണ്‍ക്ലേവ് ഇന്ത്യ സൊസൈറ്റി ഓഫ് മെഡിക്കല്‍ ആൻഡ് പീഡിയാട്രിക് ഓങ്കോളജി, അസോസിയേഷന് ഓഫ് മെഡിക്കല്‍ പീഡിയാട്രിക് ഓങ്കോളജിസ്റ്റ്സ് ഓഫ് കേരള, കൊച്ചിന് ഹെമറ്റോളജി ഗ്രൂപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് ശില്പശാല സംഘടിപ്പിക്കുന്നത്.