കുഴിപ്പളം പാലത്തിൽ വഴിവിളക്കുകളില്ല
1539454
Friday, April 4, 2025 4:25 AM IST
നെടുമ്പാശേരി : സിയാൽ കോടികൾ മുടക്കി പണികഴിപ്പിച്ച ആവണംകോട്-കുഴിപ്പളം പാലത്തിൽ നാലു വർഷത്തിൽ അധികമായി വഴി വിളക്കുകൾ സ്ഥാപിച്ചിട്ടില്ല. അതിനാൽത്തന്നെ രാത്രിയായാൽ ഇതിലൂടെ പോകാൻ ജനങ്ങൾ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നു.
എയർപോർട്ടിലേക്കും മറ്റു സ്ഥലങ്ങളിലേക്കും യാത്രചെയ്യുന്നു ആയിരക്കണക്കിന് സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് ഇതിലൂടെ കടന്നു പോകുന്നത്. വല്ലംകടവ് പാലം തുറന്നതോടെ എയർപോർട്ടിൽ നിന്നും ഈവഴി നിരവധി വാഹനങ്ങൾ ആണ് കോട്ടയം ഭാഗത്തേക്കും പോകുന്നത്. 150 മീറ്റർ നീളമുള്ള ഈ പാലം മൂന്ന് വളവുകളോടുകൂടിയാണ് അന്ന് സിയാൽ നിർമിച്ചിരിക്കുന്നത്. അതിനാൽ അപകടം വരാനുള്ള സാധ്യത ഏറെയാണ്.
നെടുമ്പാശേരി, ശ്രീമൂലനഗരം ഗ്രാമ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാലമാണ് കുഴിപ്പളം പാലം. അടിയന്തരമായി ഈ പാലത്തിൽ വഴി വിളക്കുകൾ സ്ഥാപിക്കണമെന്ന് കോൺഗ്രസ് എയർപോർട്ട് 11ാം വാർഡ് കമ്മിറ്റി ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു. യോഗത്തിൽ വാർഡ് പ്രസിഡന്റ് കെ.പി. ഡേവി അധ്യക്ഷത വഹിച്ചു.
പ്രവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബിജു കെ. മുണ്ടാടൻ, കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് പി.കെ. ഗോപി, വി.എ. പത്മനാഭൻ, ഗീത ഉണ്ണി, ബിജു പയ്യപ്പിള്ളി തുടങ്ങിയവർ പ്രസംഗിച്ചു.