പൊതുസമൂഹ സുരക്ഷ : സിവിൽ ഡിഫൻസിനൊപ്പം കൈകോർക്കാൻ കളക്ടറേറ്റ് ജീവനക്കാരും
1539455
Friday, April 4, 2025 4:25 AM IST
കാക്കനാട് : പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിന് മുൻ നിരയിലുള്ള സിവിൽ ഡിഫൻസിനോപ്പം കൈകോർത്ത് മാതൃക സൃഷ്ടിക്കാൻ കലക്ടറേറ്റിലെ സർക്കാർ ജീവനക്കാരും സിവിൽ ഡിഫൻസിന്റെ ഭാഗമായി.
ജില്ലാഫയർ ആൻഡ് റസ്ക്യൂ സർവീസസിന്റെ നേതൃത്വത്തിൽ നടത്തിയ ജില്ലാ തല അംഗത്വ കാമ്പയിൻ ജില്ലാ ഫയർ ഓഫീസർ കെ. ഹരികുമാർ ഉദ്ഘാടനം ചെയ്തു. എഡിഎം വിനോദ് രാജ്, ദുരന്ത വിഭാഗം ഡെപ്യൂട്ടി കളക്ടർ കെ. മനോജ് ഉൾപ്പെടെ കളക്ടറേറ്റിലെ നിരവധി സർക്കാർ ജീവനക്കാർ സിവിൽ ഡിഫൻസിൽ അംഗമായി.
തൃക്കാക്കര, ഗാന്ധിനഗർ, ക്ലബ്ബ് റോഡ്, പട്ടിമറ്റം സ്റ്റേഷൻ ഓഫഈസർമാരായ ബി.ബൈജു,രാജേഷ് കുമാർ,ഡെൽവിൻ ഡേവിസ്,എൻ.എച്ച്. ഹസൈനാർ,തൃക്കാക്കര എഎസ്ടിഒ ടി.വിനുരാജ്, ഡെപ്യൂട്ടി ഡിവിഷനൽ വാർഡൻ നിമാ ഗോപിനാഥ് തുടങ്ങിയവർ സംബന്ധിച്ചു.
ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിന്നെത്തിയ സിവിൽ ഡിഫൻസ് അംഗങ്ങൾ കാമ്പയിന് നേതൃത്വം നൽകി.സംസ്ഥാന സർക്കാർ അഗ്നിരക്ഷാ വകുപ്പിന് കീഴിൽ രൂപീകരിച്ച സിവിൽ ഡിഫൻസിൽ സർക്കാർ ഉദ്യോഗസ്ഥർക്കും അംഗമാകാം.
അംഗമാകുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥാപന മേധാവിയുടെ അനുവാദത്തോടെ സിവിൽ ഡിഫൻസ് പരിശീലനത്തിൽ പങ്കെടുക്കുന്ന കാലയളവിലും, ദുരന്തമുഖങ്ങളിൽ സേവനത്തിൽ ഏർപ്പെടുന്ന കാലയളവിലും ജില്ലാ ഫയർ ഓഫീസറുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക ആകസ്മിക അവധിയും അനുവദിച്ചിട്ടുണ്ട്.