കാർ മറിഞ്ഞ് വിദ്യാർഥിനിക്ക് പരിക്ക്
1539476
Friday, April 4, 2025 5:10 AM IST
പിറവം: ആശുപത്രിക്കവലയ്ക്ക് സമീപം പാലാ റോഡിൽ കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് വിദ്യാർഥിനിക്ക് പരിക്കേറ്റു. കാർ ഓടിച്ചിരുന്ന രാജഗിരി കോളജിൽ അവസാന വർഷ എൻജിനീയറിംഗ് വിദ്യാർഥിനിയായ ഉഴവൂർ സ്വദേശിനി അയോണ ജോസി (21) നാണ് പരിക്കേറ്റത്.
ഇന്നലെ വൈകുന്നേരം ആറോടെ വേളേൽ ഇറക്കത്തിലാണ് നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ തലകീഴായി മറിയുകയായിരുന്നു.
നാട്ടുകാർ ചേർന്ന് വിദ്യാർഥിനിയെ പുറത്തെടുത്ത് പിറവം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. . വിദ്യാർഥിനി കോളജിൽനിന്ന് ഉഴവൂരിലെ വീട്ടിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്.