അരൂരിൽ വീണ്ടും കുരങ്ങ്...
1539447
Friday, April 4, 2025 4:25 AM IST
അരൂർ: വലിയ ഒരു ഇടവേളയ്ക്കുശേഷം വീണ്ടും അരൂരിൽ കുരങ്ങ് പ്രത്യക്ഷപ്പെട്ടു. അരൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിൽ നടുവിലക്കുറ്റി പരിസരത്താണ് ബുധനാഴ്ച പ്രഭാതത്തിൽ കുരങ്ങ് മരങ്ങളിൽ ചാടി നടക്കുന്നത് പരിസരവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്.
പഴുത്ത മാങ്ങ ശ്രദ്ധയോടെ കഴിക്കുന്ന കുരങ്ങിനെ ശല്യപ്പെടുത്താൻ തുനിഞ്ഞിറങ്ങിയ കുട്ടികളോട് ലേശം കടുപ്പിച്ച് ഒന്നു നോക്കിയപ്പോൾ കുട്ടികൾ പിന്മാറി. കുറെ നേരം കഴിഞ്ഞിട്ടും മാങ്ങയും ചക്കയും പഴുത്ത് കിടക്കുന്ന പരിസരം വിട്ടു പോകാൻ കുരങ്ങ് തയാറായിട്ടില്ല. പരിസരത്തൊക്കെ ചുറ്റിപ്പറ്റി ഇന്നലെയും കുരങ്ങ് നാട്ടുകാരുടെ ശ്രദ്ധ പിടിച്ചുപറ്റി.
കുറെമാസങ്ങൾക്ക് മുൻപ് ഇവിടെ വന്നുപെട്ട ഒരു കുരങ്ങ് കച്ചവടക്കാരെ ശല്യം ചെയ്ത് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അന്ന് അരൂർ പ്രദേശങ്ങളിൽ വിലസി നടന്ന ആൺകുരങ്ങ്, തമിഴ്നാട്ടിലൂടെ സഞ്ചരിക്കുന്നതിനിടെ ലോറിയിൽ കയറി വന്നതാണെന്നാണ് ലോറിക്കാർ പറഞ്ഞിരുന്നത്.
ഇപ്പോഴത്തെ വിരുന്നുകാരൻ എങ്ങനെയാണ് അരൂരിൽ എത്തിപ്പെട്ടതെന്ന് ആർക്കും നിശ്ചയമില്ല.